Categories: India

ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ

Published by

ന്യൂദല്‍ഹി : ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ നിന്ന് ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ കാനഡ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന ഇന്ത്യാക്കാരായ ജീവനക്കാരെയാണ് കാനഡ ഒഴിവാക്കിയത്.

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായിരിക്കെയാണ് കാനഡയുടെ പുതിയ നീക്കം.നേരത്തേ ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാനഡ തിരികെ വിളിച്ചിരുന്നു.

ഇന്ത്യയില്‍ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് വിവരം. എന്നാല്‍ വിസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദര്‍ശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയന്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ സെപ്തംബറിലാണ് ഹര്‍ദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കെണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത്. എന്നാല്‍ ആരോപണം തള്ളിയ ഇന്ത്യ, കാനഡ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമായി മാറുന്നുവെന്ന് കുറ്റപ്പെടുത്തി.

നിജ്ജറുടെ കൊലപാതകം കഴിഞ്ഞ ദിവസവും ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ചിരുന്നു. കാനഡയില്‍ എത്തുന്ന എല്ലാവരുടെയും സ്വാതന്ത്ര്യം താന്‍ ഉറപ്പാക്കുമെന്നും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by