തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ തട്ടിക്കൂട്ടിയ തസ്തികയില്‍ നിയമനം. ഏകോപന ചുമതല എന്ന പേരിലാണ് പ്രത്യേക ഉത്തരവിലൂടെ ആശുപത്രി അധികൃതര്‍ നിയമനം നടത്തിയിരിക്കുന്നത്. ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട എന്‍ജിഒ യൂണിയന്റെ ഇടപെടലിലാണ് നിയമനമെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 6നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ഇന്ഫെക്ഷന് കണ്‍ട്രാളറായി ജോലി ചെയ്തിരുന്ന വി.എസ്. ശാലിനിയെയാണ് ഏകോപന ചുമതല നല്കി അത്യാഹിത വിഭാഗത്തില്‍ ഹെഡ്നഴ്സുമാര്‍ക്കൊപ്പം നിയമിച്ചിരിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍, ലിഫ്റ്റുകളുടെ പ്രവര്‍ത്തനം, സിടി സ്കാന്‍, അടിയന്തര ശസ്ത്രക്രിയ തിയേറ്റര്‍, ഫാര്‍മസി, പിആര്‍ഒ, കണ്ട്രോള് റൂം, അത്യാഹിത വിഭാഗം ഐസിയു എന്നിവയുമായി ഏകോപിച്ചുള്ള രോഗീപരിചരണത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് അത്യാഹിത വിഭാഗം മേധാവി ആവശ്യപ്പെട്ടതനുസരിച്ചാണ് നിയമനമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ അത്യാഹിത വിഭാഗം മേധാവിയില്‍ നിക്ഷിപ്തമായിരിക്കേയാണ് ഇന്ഫെക്ഷന് കണ്ട്രോള് ചുമതല വഹിച്ചിരുന്ന നഴ്സിനെ തട്ടിക്കൂട്ടി തസ്തികയുണ്ടാക്കി നിയമിച്ചത്. അത്യാഹിത വിഭാഗത്തില്‍ അറ്റന്റര്‍ ചെയ്യേണ്ട ജോലികള്‍ വരെ ചെയ്ത് രോഗികള്‍ക്ക് പൂര്‍ണ തുണയേകിയിരുന്ന മറ്റൊരു ഹെഡ് നഴ്സിനെ കണ്ണാശുപത്രിയിലേക്ക് മാറ്റിക്കൊണ്ടാണ് ശാലിനിയെ തിരുകിക്കയറ്റിയതെന്നും ആരോപണമുണ്ട്.
അത്യാഹിത വിഭാഗം മേധാവി അറിയിച്ചതിന് പുറമെ ജീവനക്കാര്‍ക്ക് പരിശീലനം, ഡോക്ടേഴ്സിന്റെ ഡ്യൂട്ടി ലിസ്റ്റ് നിയന്ത്രണം തുടങ്ങി അടിയന്തര ശസ്ത്രക്രിയാ തിയേറ്ററിലെ നിയന്ത്രണം വരെ ഏകോപന ചുമതലയുടെ പേരില്‍ ശാലിനിക്ക് നല്‍കിയിട്ടുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്നതും ഇവരുടെ ഇടപെടലിലൂടെ മാത്രമായിരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാരുടെ അധികാര പരിധിയില്‍ വരെ കൈകടത്താവുന്ന ഉത്തരവ് ഡ്യൂട്ടി നഴ്സില്ക്കൂടി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
എന്‍ജിഒ യൂണിയന് നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് ജോലി ചെയ്യാതെ ശമ്പളം വാങ്ങാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്തതാണ് ഏകോപന ചുമതലയെന്ന് ആരോപണമുണ്ട്. ശാലിനിയുടെ ഭര്‍ത്താവ് യൂണിയന് അംഗമായ ബിജു അത്യാഹിത വിഭാഗത്തില്‍ ഹെഡ്നഴ്സാണ്. ഭാര്യയെ ഒപ്പം കൂട്ടാനായി ഒരുക്കിയ തന്ത്രം മാത്രമാണിത്. ആശുപത്രി വ്യവസ്ഥയനുസരിച്ച് ഒരു കുടുംബത്തിലെ രണ്ട് പേരെ ഒരേ വിഭാഗത്തില്‍ നിയമിക്കാന്‍ പാടില്ലെന്നതാണ്. ഈ വ്യവസ്ഥയും ആശുപത്രി അധികൃതര്‍ ലംഘിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: