പ്രൊഫ.സി ഐ. ഐസക്
ഐസിഎച്ച്ആര്‍ മുന്‍ അംഗം
ഭാരതത്തിന്റെ പൗരാണികമായ സ്വത്വബോധത്തിലേക്കുള്ള ഏത് തിരിച്ചുപോക്കിനേയും നഖശിഖാന്തം എതിര്‍ക്കുക എന്നത് രാജ്യത്തെ ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും പൊതുസ്വഭാവമാണ്. ന്യൂനപക്ഷപ്രീണനത്തിന് അപ്പുറം അവര്‍ക്ക് സ്വത്വബോധം തൊട്ടുതീണ്ടിയിട്ടില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമാകുന്നത്. ഗണപതിവട്ടമെന്ന ചൈതന്യവത്തായ പേര് അവര്‍ക്ക് അസ്വീകാര്യമാകുന്നത് കൃത്യമായ വോട്ട് ബാങ്ക് രാഷ്ട്രീയം ഇരുകൂട്ടര്‍ക്കും ഉള്ളതുകൊണ്ടാണ്. ഇവിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാട് സ്വാഗതാര്‍ഹവും സ്തുത്യര്‍ഹ്യവുമാകുന്നത്. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നുതന്നെയാണ്. ആ പേരില്‍ തന്നെ ആ പ്രദേശം അറിയപ്പെടണമെന്ന് പല വേദികളില്‍ ഞാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ആദ്യമായല്ല ഒരു നാടിന്റേയോ സംസ്ഥാനത്തിന്റേയോ പേര്മാറ്റം നടക്കുന്നത്. അതെല്ലാം ചെയ്തത് ബിജെപി സര്‍ക്കാരുമല്ല. ബിജെപി ചെയ്യുമ്പോള്‍ മാത്രം അതില്‍ വിവാദം കൊണ്ടുവരുന്നത് സ്ഥാപിത താല്‍പ്പര്യക്കാരാണ്. 1996 ജൂലൈവരെ മദ്രാസ് എന്നറിയപ്പെട്ട സ്ഥലം ചെന്നൈ ആയതും, ബാംഗ്ലൂര്‍ ബെംഗളൂരുവായതും, കല്‍ക്കട്ട കൊല്‍ക്കത്തയായതും ചില ഉദാഹരണങ്ങള്‍ മാത്രം. തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ വിജെടി ഹാള്‍ (വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍) അയ്യങ്കാളി ഹാള്‍ എന്നറിയപ്പെടുമെന്ന് 2019ല്‍ പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ക്കുള്ള അംഗീകാരം എന്ന നിലയിലായിരുന്നു ഈ പേരുമാറ്റം. അംഗീകരിക്കേണ്ടതിനെ അംഗീകരിച്ചു മുന്നോട്ടുപോകുന്നതാണ് നാടിന് അഭികാമ്യം. സുല്‍ത്താന്‍ ബത്തേരിയുടെ കേന്ദ്രബിന്ദു ഇന്നും അവിടെ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രമാണ്. നിര്‍മിതി കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് അത് ഒന്നാം നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ടെന്നാണ്. ജൈനന്മാരുടെ ആഗമനത്തോടെയാണ് അവിടം മനുഷ്യവാസകേന്ദ്രമാകുന്നത്. മലബാറുമായിട്ടുള്ള വ്യാപാര പാതയുടെ ഭാഗമായിരുന്നു ഇവിടം. കോട്ടയം രാജകുടുംബത്തിന്റെ അധീനതയിലായി പിന്നീട് ഈ ക്ഷേത്രം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ കടന്നാക്രമണം നടത്തി, ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത ഹിന്ദു വിരോധിയായിരുന്നു ടിപ്പു സുല്‍ത്താന്‍. ആ ടിപ്പുവിന്റെ ആയുധപ്പുര ഗണപതിവട്ടത്ത് സ്ഥാപിച്ചിരുന്നു. പില്ക്കാലത്ത് ഭാരതത്തിന്റെ ചരിത്രമെഴുതിയ അധിനിവേശ ശക്തികള്‍ സുല്‍ത്താന്റെ ആയുധപ്പുര എന്ന അര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന് ഈ സ്ഥലത്തിന് പേരിട്ടു. അത് പറഞ്ഞു പറഞ്ഞ് സുല്‍ത്താന്‍ ബത്തേരിയായി. ഒരു പ്രദേശത്തിന്റെ ചരിത്രത്തെയും സ്വത്വത്തെയും ആരാണ് ഇവിടെ വളച്ചൊടിച്ചത്. നഷ്ടമായ ആ സ്വത്വത്തെ വീണ്ടെടുക്കുന്നതില്‍ എന്താണ് തെറ്റ്. അധിനിവേശത്തിന്റെ അടയാളങ്ങളെ മാറ്റുന്നതില്‍ യാതൊരു തെറ്റുമില്ല. അത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയുമാണ്. തെറ്റായ ചരിത്ര നിര്‍മ്മിതിയല്ല ഇന്ന് ആവശ്യം.
ടിപ്പുവിന്റെ പടയോട്ടകാലത്ത് എത്രയെത്ര ക്ഷേത്രങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടു! ഹിന്ദുവിരോധത്താല്‍ അന്ധനായ ടിപ്പുവിനെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല. ഹൈദറിന്റേയും പുത്രന് ടിപ്പുവിന്റേയും മലബാറിലെ പടയോട്ടങ്ങള്‍ അവിടുത്തെ ഹൈന്ദവ സമൂഹത്തിന് വിവരിക്കാനാവാത്തത്ര ദാരുണ അനുഭവങ്ങള്‍ ആയിരുന്നു സമ്മാനിച്ചത്. ‘ഇന്ത്യന്‍ റിണയിസന്‍സ്: ബ്രിട്ടീഷ് റൊമാന്റിക് ആര്‍ട്ട് ആന്‍ഡ് ദി പ്രോസ്പക്ട് ഓഫ് ഇന്ത്യ’എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ബ്രിട്ടീഷ് നാവികന് ഡൊണാള്‍ഡ് കാംബെല്ലിനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു, ‘ടിപ്പു സുല്‍ത്താന്‍ ബഹുമാന്യനും ക്രൂരനുമായ പിതാവിന്റെ അതിക്രൂരനായ പുത്രനാണ്’ എന്ന്. ടിപ്പുവിന്റെ ക്രൂരതയെക്കുറിച്ചും മനസ്സാക്ഷിയില്ലായ്മയെക്കുറിച്ചും നിരവധി ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. മൈസൂര്‍ സുല്ത്താന്മാരുടെ അതികിരാതവും മതാന്ധതവുമായ സമീപനം മലബാറിന്റൈ സൈ്വര്യം കെടുത്തി. മലബാര്‍ ജനതയുടെ ഉള്ളില്‍ വര്‍ഗീതയതുടെ വിഷം കുത്തിവച്ചതും ടിപ്പു ഉള്‍പ്പടെയുള്ള മൈസൂര്‍ സുല്ത്താന്മാരാണ്.
തിരുവിതാംകൂര്‍ രാജാവിന് ബ്രീട്ടിഷുകാരുടെ സുഹൃത്തായി മാറാന്‍ പ്രേരണ നല്കിയതു ടിപ്പു ഉയര്‍ത്തിയ ഭീഷണിയാണ്. മലബാര്‍ രാജാക്കന്മാരുടെ ശക്തി ക്ഷയിപ്പിച്ചതും ടിപ്പുവാണ്. ബ്രിട്ടീഷ് സഖ്യരാജ്യമാകാന്‍ തിരുവിതാംകൂറിനെ നിര്‍ബന്ധിതമാക്കിയതിന്റെ പ്രധാനകാരണവും ടിപ്പുവിന്റെ വെല്ലുവിളിയാണ്. ടിപ്പുവിനെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷുകാരുടെ സഹായം അവര്‍ക്ക് അനിവാര്യമായിരുന്നു. ഇത്തരത്തിലെല്ലാം നാടിനേയും ഹൈന്ദവ ജനതയെയും ദ്രോഹിച്ച ടിപ്പുവിനെ മഹത്വവത്കരിക്കേണ്ടത് ഇവിടുത്തെ ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും നിലനില്‍പ്പിന് ആവശ്യമാണ്. അവരതുതന്നെ ചെയ്യും. ആത്മാഭിമാന ബോധമുള്ള ആരും അതിന് വഴിപ്പെടരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: