ഋഷികേശ്(ഉത്തരാഖണ്ഡ്): ഭീകരരെ അവരുടെ വീട്ടില്‍ കയറി കൊന്നുകളഞ്ഞ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറി സര്‍ജിക്കല്‍ സ്ട്രൈക്കും ബലാക്കോട്ട് വ്യോമാക്രമണവും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി രാജ്യ സുരക്ഷയ്ക്കായി ഇനിയും അതിര്‍ത്തി കടക്കാന്‍ മടിയില്ലെന്ന് പ്രഖ്യാപിച്ചത്. ഋഷികേശില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ടതില്‍ വച്ചേറ്റവും കരുത്തുറ്റ സര്‍ക്കാരാണ് എന്‍ഡിഎയുടേത്.
ഭീകരരെ തുടച്ചുനീക്കി ജമ്മു കശ്മീരിനെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പാതയിലേക്ക് തിരികെക്കൊണ്ടുവന്നത് എന്‍ഡിഎ സര്‍ക്കാരാണ്. ഈ സര്‍ക്കാരാണ് ഭീകരരെയും വിഘടന വാദികളെയും ഏഴ് പതിറ്റാണ്ടായി തുണച്ച 370-ാം വകുപ്പ് അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞത്. യുദ്ധക്കളത്തിലും ഭാരതത്തിന്റെ ത്രിവര്‍ണപതാക സുരക്ഷയുടെ അടയാളമായി ഉയര്‍ന്നുപറന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഈ സര്‍ക്കാരാണ് മുത്തലാഖ് നിയമപ്രകാരം നിരോധിച്ചത്. ഈ സര്‍ക്കാരിന്റെ കരുത്തിലാണ് പാര്‍ലമെന്റില്‍ 33 ശതമാനം വനിതാസംവരണം ഉറപ്പാക്കിയത്.
സര്‍ക്കാര്‍ ദുര്‍ബലമായാല്‍ ശത്രുക്കള്‍ തലപൊക്കും. കോണ്‍ഗ്രസ് രാജ്യം ഭരിക്കുമ്പോള്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലുമുണ്ടായിരുന്നില്ല. അവരെ സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ല. ബിജെപി സര്‍ക്കാരാണ് സൈനികരുടെ ജീവിതവും ജീവനും സുരക്ഷിതമാക്കിയത്. അത്യന്താധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും ഇന്ന് ഭാരതം സ്വയം നിര്‍മ്മിക്കുന്ന കാലമാണ്. മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: