ഛത്രപതി സാംഭാജി നഗര്‍: 30 വര്‍ഷത്തെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് . രാം ലല്ലയുടെ പ്രതിഷ്ഠ നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ആഹ്ലാദിച്ചെന്നും ദത്താജി ഭലേ സ്മൃതി സമിതി കാര്യാലയ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘രാമക്ഷേത്ര നിര്‍മ്മാണത്തിനായി ആളുകള്‍ പണം സംഭാവന ചെയ്തു. 30 വര്‍ഷത്തെ പോരാട്ടമായിരുന്നു. രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രം 500 വര്‍ഷമായി ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പണം സംഭാവന ചെയ്യാന്‍ ആളുകള്‍ തയാറായിരുന്നു. രാജ്യം മുഴുവന്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തപ്പോള്‍ ആഹ്ലാദിച്ചു- സര്‍സംഘ്ചാലക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ മഹത്വം ആഗോളതലത്തില്‍ ഉയര്‍ന്നുവെന്നും രാജ്യത്തിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നല്ല ദിവസം വരുമ്പോള്‍ സന്തോഷം അനുഭവിക്കുന്നവര്‍ അതിനുവേണ്ടിയുള്ള കഠിനാധ്വാനം കണ്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും പിന്നില്‍ ഒരുപാട് കഠിനാധ്വാനമുണ്ട്. നിസ്വാര്‍ത്ഥരായ ആളുകള്‍ ഫലത്തെ കുറിച്ച് ചിന്തിക്കാതെ കഠിനാധ്വാനം ചെയ്യുന്നു. അവരുടെ ജീവിതകാലത്ത് ഫലം കാണാനാകില്ലെങ്കിലും അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു ,’ ഭഗവത് കൂട്ടിച്ചേര്‍ത്തു.
‘ചിലര്‍ രാജ്യത്തിന് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. അതിനാല്‍ നമുക്ക് ഇന്ന് ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്ക്കാന് കഴിയുന്നു.രാജ്യത്തെ 57 ശതമാനം ആളുകളും പുതുതലമുറയില്‍ പെട്ടവരാണ്. അടിയന്തരാവസ്ഥയെ കുറിച്ച് അവര്‍ക്ക് അറിയില്ല, അവര്‍ക്ക് വിഭജനത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും പോലും അറിയില്ല,”- മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഫലത്തിനായി കാംക്ഷിക്കാതെ കഠിനാധ്വാനം ചെയ്യുന്നത് ‘തപസ്യ’ ആണ്, അത് ശാശ്വതമായ സമൃദ്ധിയും സന്തോഷവും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: