കൊല്ലം: മാധ്യമ പ്രവര്‍ത്തകനും കൊല്ലം പ്രസ്ക്ലബ് മുന്‍പ്രസിഡന്റും തപസ്യകലാസാഹിത്യവേദി മേഖലാ അധ്യക്ഷനുമായിരുന്ന കല്ലട ഷണ്മുഖന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് ഗ്രന്ഥകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറം അര്‍ഹനായി.
പത്രമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് നല്കുന്ന പുരസ്കാരം ശില്പവും പ്രശംസാപത്രവും കാഷ് അവാര്‍ഡും അടങ്ങിയതാണ്. തപസ്യ കലാസാഹിത്യ വേദി മേയ് ഒന്നിന് ചിന്നക്കട ശങ്കര്‍ നഗര്‍ ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
എറണാകുളം കാലടി സ്വദേശിയായ മുരളി പാറപ്പുറം തപസ്യ സംസ്ഥാന ഉപാധ്യക്ഷനാണ്.
നരേന്ദ്ര മോദി: നവഭാരതത്തിന്റെ നായകന്, ഗെയ്ല് ട്രെഡ്വെല്: ശുദ്ധഭ്രാന്തിന്റെ ഓര്‍മക്കുറിപ്പുകള്‍, കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍, അമിത് ഷാ ആധുനിക ചാണക്യന്, പി. പരമേശ്വര്‍ജി നവോത്ഥാനത്തിന്റെ ദാര്ശനികന്, മദര്‍ തെരേസ മുഖവും മുഖംമൂടിയും, മാധ്യ വിമര്‍ശനം ദേശീയവീക്ഷണത്തില്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
രാഷ്ട്രീയം, മതം, സാംസ്കാരികം, കല, സാഹിത്യം, സിനിമ, സാമൂഹ്യം, പരിസ്ഥിതി, മാര്‍ക്സിസം തുടങ്ങിയ വിഷയങ്ങളിലും സിനിമാ നിരൂപണം, സാഹിത്യ വിമര്‍ശനം, പുസ്തക നിരൂപണം, അനുസ്മരണം എന്നീ വിഭാഗങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേസരി, ജന്മഭൂമി, സമകാലിക മലയാളം, കലാകൗമുദി, ചിതി, ഹിന്ദുവിശ്വ, ജനയുഗം, ജനശക്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു.
വി.എസ്. നയ്പാള്‍, ഓഷോ രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി, നോസ്ട്രഡാമസ്, കാള്‍ സാഗന്‍, എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി, കെ.ആര്. മല്‍ക്കാനി, ഡോ.സുബ്രഹ്മണ്യന് സ്വാമി തുടങ്ങിയവരുടെ ഇംഗ്ലീഷ് രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ജന്മഭൂമിയില് വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ച ന്യൂക്ലിയസ് എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ സത്യവാങ്മൂലം എന്ന പംക്തി എഴുതുന്നു. മൂന്ന് വര്‍ഷമായി ജന്മഭൂമിയില് മുഖപ്രസംഗങ്ങള്‍ എഴുതുന്നു.
ഭാര്യ: അംബികാ ദേവി. മകള്‍: അനശ്വരാ ദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: