സ്ഥാനാര്‍ത്ഥിയെപ്പോലെ അവരുടെ ജീവിതപങ്കാളികള്‍ക്കും പരീക്ഷണഘട്ടമാണ് തെരഞ്ഞെടുപ്പ്. എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ ഭാര്യ കെ.എസ്. ശ്രീകുമാരി തെരഞ്ഞെടുപ്പു കാലത്തെ സ്ഥാനാര്‍ത്ഥിയുടെ വീട്ടുവിശേഷങ്ങള്‍ ജന്മഭൂമിയോടു പങ്കുവയ്‌ക്കുന്നു.
കൊച്ചി: ഇക്കുറി ഭര്‍ത്താവിന് വോട്ട് ചെയ്യാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ ഭാര്യ കെ.എസ്. ശ്രീകുമാരി. തൃപ്പൂണിത്തുറയിലും ആലപ്പുഴയിലും മത്സരിച്ചപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോയെന്ന മനോവിഷമം എറണാകുളത്ത് മത്സരിച്ചതോടെ മാറി. രാധാകൃഷ്ണന്‍ ഇത് മൂന്നാമതാണ് മത്സരരംഗത്ത്. അതുകൊണ്ട് തന്നെ പ്രചാരണ രീതികള്‍ ശീലമായി.
എന്നും ഭര്‍ത്താവിന്റെ തിരക്കുകള്‍ക്കൊപ്പമായിരുന്നു ശ്രീകുമാരി. വൈസ് ചാന്‍സലറും പിഎസ്‌സി ചെയര്‍മാനും ആയിരുന്നല്ലോ രാധാകൃഷ്ണന്‍. അന്നെല്ലാം തിരക്കോടു തിരക്കുതന്നെ. അതുകൊണ്ട് തെരഞ്ഞെടുപ്പ് തിരക്കില്‍ പുതുമയില്ല. എറണാകുളം ചിറ്റൂര്‍ എച്ച്എംസി ജങ്ഷനിലെ വീട്ടില്‍ നിന്ന് അതിരാവിലെ രാധാകൃഷ്ണന്‍ പ്രചാരണത്തിനിറങ്ങും. കടുത്ത ചൂടായതിനാല്‍ ഇടയ്‌ക്കു ഡ്രസ് മാറണം. അതിനാല്‍ രണ്ടു ജോഡി ജുബ്ബയും മുണ്ടും കാറില്‍ എടുത്ത് വയ്‌ക്കും. വസ്ത്രങ്ങള്‍ ഹൈക്കോര്‍ട്ട് ജങ്ഷനിലെ തേപ്പുകടയില്‍ എത്തിച്ച് ഇസ്തിരിയിട്ടു വയ്‌ക്കുന്നതു ശ്രീകുമാരിയാണ്. തെരഞ്ഞെടുപ്പായതിനാല്‍ ധാരാളം വസ്ത്രം വേണം. വീട്ടിലുള്ളപ്പോള്‍ ഇഡ്ഡലിയോ ദോശയോ ആണു പ്രാതല്‍. പക്ഷേ, ഇപ്പോള്‍ അതിരാവിലെ പോകുന്നതുകൊണ്ട് മധുരമില്ലാത്ത ചായയും രണ്ട് റസ്‌ക്കുമാണ് ഭക്ഷണം.
പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ഭര്‍ത്താവിന് ഇപ്പോള്‍ പ്രാതലും ഉച്ചഭഷണവും പുറത്ത് നിന്നു കഴിക്കേണ്ടി വരുന്നതിന്റെ ലേശം സങ്കടമുണ്ട് ശ്രീകുമാരിക്ക്. എത്ര വൈകിയാലും രാത്രി ഭക്ഷണം വീട്ടിലെത്തിയേ കഴിക്കൂ എന്ന പതിവ് തെരഞ്ഞെടുപ്പിലും മാറ്റിയിട്ടില്ല. രാത്രി കഞ്ഞിയോ ചപ്പാത്തിയോ. കഞ്ഞിയെങ്കില്‍ ചമ്മന്തി നിര്‍ബന്ധം. രണ്ടും ഉണ്ടാക്കി വയ്‌ക്കും ശ്രീകുമാരി. തളര്‍ന്നു വരുന്നതല്ലേ, ഇഷ്ടമുള്ളതു കഴിച്ചോട്ടെ.
തെരഞ്ഞെടുപ്പ് വന്നതോടെ രാത്രി നേരത്തെ കിടക്കുന്ന ശീലവും തെറ്റി. എന്നിരുന്നാലും വെളുപ്പിന് മൂന്നിന് ഉണരുന്ന ശീലത്തില്‍ മാറ്റം വന്നിട്ടില്ല. രണ്ടു മണിക്കു വന്നു കിടന്നാലും മൂന്നു മണിക്ക് ഉണരും. അപ്പോഴാണ് വായനയും എഴുത്തും. രാവിലെ കുറച്ച് നേരം നടക്കും. വീട്ടുജോലിക്കാര്‍ ഇല്ലാത്തതുകൊണ്ട് എല്ലായിടത്തും ശ്രീകുമാരിയുടെ കണ്ണെത്തണം. സ്ഥാനാര്‍ത്ഥിക്കൊപ്പം ജീവിതപങ്കാളിയുടെ ചിട്ടകളും മാറി.
‘പ്രചാരണത്തിന് ഇറങ്ങുന്നില്ലേ?’
‘ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ മക്കളുമൊരുമിച്ച് പ്രചാരണത്തിന് പോയിരുന്നു. വിഷുവിന് മക്കള്‍ വരും. എന്നിട്ട് വേണം പ്രചാരണത്തിന് ഇറങ്ങാന്‍.’
നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ജയവും തോല്‍വിയുമല്ല ഭാരതത്തിന്റെ വികസന നായകന്‍ മോദിക്കെപ്പം ചേര്‍ന്ന് മത്സരിക്കുന്നതില്‍ അഭിമാനമാണ് ഏറ്റവും വലുതെന്ന് ശ്രീകുമാരി പറയുന്നു.
മൂത്ത മകള്‍ അശ്വതി ബെംഗളൂരുവിലാണ്. ഇളയ മകള്‍ പൂനെയിലും. ഇരുവരും എല്ലാ ദിവസവും വിളിച്ച് അച്ഛന്റെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അന്വേഷിക്കും. കടുത്ത ചൂടായതിനാല്‍ ആരോഗ്യത്തെക്കുറിച്ചും അവര്‍ക്ക് ഉത്കണ്ഠയുണ്ട്. നമ്മള്‍ അത്ര പ്രതീക്ഷിക്കാത്ത ഒരു വിശേഷവും വെളിപ്പെടുത്തുന്നു ശ്രീകുമാരി. ‘വീട്ടില്‍ ഒരിക്കലും രാഷ്‌ട്രീയം പറയാത്ത ഗൃഹനാഥനാണ് അദ്ദേഹം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: