ന്യൂദല്‍ഹി: ദല്‍ഹി വഖഫ് ബോര്‍ഡിലെ ചട്ട വിരുദ്ധ നിയമനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി ഇ ഡി.
വഖഫ് ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ അമാനത്തുള്ളയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ദല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചു. ഹര്‍ജി 18ന് വീണ്ടും പരിഗണിക്കും. അമാനത്തുള്ളയ്ക്കെതിരെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് സമയം വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടുത്താഴ്ച്ചത്തേക്ക് മാറ്റിയത്. പ്രത്യേക ജഡ്ജി രാകേഷ് സ്യാലാണ് ഹര്‍ജി പരിഗണിക്കുന്നത്.
അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം സിബിഐയും അമാനത്തുള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിബിഐയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയും അന്വേഷണം ആരംഭിച്ചത്. അമാനത്തുള്ള ചെയര്‍മാനായിരിക്കേ വഖഫ് ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. ചട്ട വിരുദ്ധ നിയമനങ്ങളാണ് നടത്തിയതെന്നുമാണ് ഇ ഡിയുടെ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. അമാനത്തുള്ളയുമായി ബന്ധമുള്ള മൂന്നിടങ്ങളില്‍ ഇ ഡി മുമ്പ് തെരച്ചില്‍ നടത്തി. ചട്ട വിരുദ്ധ നിയമനങ്ങള്‍ക്ക് പകരമായി ഇയാള്‍ നാല് കോടിരൂപ കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് സ്വത്തുക്കള്‍ വാങ്ങി കൂട്ടുകയായിരുന്നു.
2022 സപ്തംബറില്‍ അഴിമതി വിരുദ്ധ സംഘവും അമാനത്തുള്ളയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി അഴിമതി തെളിഞ്ഞതിനെ തുടര്‍ന്ന് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം അമാനത്തുള്ളയെ അറസ്റ്റ് ചെയ്തിരുന്നു. 2022 സപ്തംബര്‍ 28നാണ് അമാനത്തുള്ളയ്ക്ക് ജാമ്യം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: