ചങ്ങരംകുളം: പെരുമ്പടപ്പില്‍ വന്നേരി കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയ 10 പവന് സ്വര്‍ണമാലയും ഭണ്ഡാരവും കവര്‍ന്നു. സമീപത്തെ വീട്ടില്‍ നിന്ന് സ്കൂട്ടറും മോഷണം പോയിട്ടുണ്ട്. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം. 500 വര്‍ഷത്തോളം പഴക്കമുണ്ട് കാട്ടുമാടം മനയ്ക്ക്. മനയുടെ പിറകുവശത്തെ ജനലിന്റെ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
പരേതനായ താന്ത്രികന് കാട്ടുമാടം അനില്‍ നമ്പൂതിരിയുടെ കുടുംബമാണ് മനയില്‍ താമസിക്കുന്നത്. കവര്‍ച്ച നടക്കുമ്പോള്‍ അനില്‍ നമ്പൂതിരിയുടെ ഭാര്യ സോയയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കവര്‍ച്ച നടത്തിയശേഷം ഉമ്മറത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് പുറത്തിറങ്ങിയത്.
പൂമുഖത്തെ ഭഗവതിയുടെ നടയിലെ സ്റ്റീല്‍ ഭണ്ഡാരവും എടുത്തു. ഇതിന്റെ പൂട്ടുപൊളിച്ച് പണം എടുത്തശേഷം ഭണ്ഡാരം മനയുടെ വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മനക്ക് അകത്ത് സൂക്ഷിച്ചിരുന്ന 500 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
കഴിഞ്ഞ ആഴ്ചയാണ് മനയിലെ പാട്ടുത്സവം നടന്നത്. സമീപവാസിയായ ജഗത്തിന്റെ സ്കൂട്ടറാണ് മോഷണം പോയത്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞെങ്കിലും മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം തിരിച്ചറിയാന്‍ സാധിച്ചില്ല. പെരുമ്പടപ്പ് എസ്എച്ച്ഒ കെ. സതീഷ്, എസ്ഐ ടി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: