തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള ആരോഗ്യവിവരങ്ങള്‍ (മെഡിക്കല്‍, ഹെല്‍ത്ത് ഡേറ്റ) കനേഡിയന്‍ മരുന്ന് ഗവേഷക സംഘത്തിന് കൈമാറാനുള്ള നീക്കത്തിന് പിന്നല് കോടികളുടെ മരുന്നുവ്യാപാരത്തിനുള്ള വേദി ഒരുക്കല്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്സ്ലേഷനല് ഗവേഷണ’ പദ്ധതിയും ആരോഗ്യശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തിയാണ് ഡേറ്റാ കൈമാറ്റം ചെയ്യുന്നതും മരുന്നുകള്‍ പരീക്ഷിക്കാന്‍ നീക്കവും നടക്കുന്നത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്സ്ലേഷനല് ഗവേഷണ’ത്തിന്റെ മറവില്‍ വിവാദ മരുന്ന് ഗവേഷകനും മരുന്ന് പരീക്ഷണ സ്ഥാപനമായ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി പ്രൊഫസറും പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (പിഎച്ച്ആര്‍ഐ) എക്സി. ഡയറക്ടറും മലയാളിയുമായ പ്രൊഫ. സലിം യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ആരോഗ്യവിവരങ്ങള്‍ കൈമാറാനും മരുന്ന് പരീക്ഷണത്തിന് മലയാളികളെ ദുരുപയോഗം ചെയ്യാനും അനുമതി നല്‍കിയിരിക്കുന്നത്.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലായിരിക്കണം മരുന്നുപരീക്ഷണമെന്നാണ് നിയമം. ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി ഓരോ ഘട്ടത്തിലും കര്‍ശന പരിശോധന നടത്തുകയും വേണം. ഇതെല്ലാം കാറ്റില്‍പ്പറത്തി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ആരോഗ്യനയത്തിന്റെ മറവിലാണ് മരുന്നുപരീക്ഷണത്തിന് സര്‍ക്കാര്‍ കളമൊരുക്കുന്നത്. ഇതിലൂടെ ആഗോള മരുന്ന് ഭീമന്മാരുടെ പരീക്ഷണശാലയായി കേരളം മാറും.
വായിലെ അര്‍ബുദത്തിന് അമേരിക്ക കണ്ടെത്തിയ എന്‍ഡിജിഎന്‍-എം4 എന്ന നിരോധിത മരുന്ന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സഹായത്തോടെ ആര്‍സിസിയില്‍ പരീക്ഷിച്ചത് വലിയ വിവാദമായിരുന്നു. മരുന്ന് പരീക്ഷിച്ചപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ 10 പേരും കോഴിക്കോട് ആശുപത്രിയില്‍ രണ്ടു പേരും കൊച്ചിയിലെ മറ്റൊരു ആശുപത്രിയില്‍ മൂന്നു പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രത്തില്‍ സ്വിസ് കമ്പനി നടത്തിയ മരുന്ന് പരിശോധനക്കിടെ മൂന്നു പേരും മരിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിന് സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ അടക്കം മാറ്റാനാണ് നീക്കം.
സംസ്ഥാനത്തെ മെഡി. കോളജുകള്‍, നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളും കൈമാറുന്നതോടെ കോടികളുടെ ഡേറ്റാ വില്പനയാകും നടക്കുക. കിരണ്‍ സര്‍വേയില്‍ തന്നെ 500 കോടിയിലധികം രൂപയുടെ ഡേറ്റാ കൈമാറ്റം നടന്നുവെന്ന് ആരോപണം നിലവിലുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ മുതല്‍ ഗുരുതര രോഗങ്ങളുടെ വിവരങ്ങള്‍ വരെ ലഭ്യമാകുന്നതോടെ മരുന്ന് പരീക്ഷണ കമ്പനികള്‍ അതനുസരിച്ച് വിപണിയില്‍ ഇടപെടും. മരുന്നു പരീക്ഷണത്തിന്റെ നൂലാമാലകള്‍ ഇല്ലാതെ കേരളത്തില്‍ എവിടെയും മരുന്നു പരീക്ഷണം നടത്താമെന്ന സ്ഥിതിയുമാകും. ആഗോള മരുന്ന് കമ്പനിക്കാര്‍ക്ക് വേദി ഒരുക്കുന്നതിലൂടെ വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: