ഒരിയ്‌ക്കല്‍ ‘നൊമ്പരത്തിപ്പൂവ്’ എന്ന സിനിമയില്‍ ശബ്നാ ആസ്മിയെ നായികയാക്കാന്‍ പത്മരാജനും ഗാന്ധിമതി ബാലനും പോയിരുന്നു. അന്ന് ജാവേദ് അക്തറും ശബ്നാ ആസ്മിയും ഒന്നിച്ചാണ് താമസം. പത്മരാജന്റെ പുതിയ സിനിമയുടെ തിരക്കഥ വായിക്കാന്‍ കൊടുത്തു. പല തവണ ശബ്നാ ആസ്മി ആ തിരക്കഥ വായിച്ചു. “ഞാന്‍ അഭിനയിക്കാം. സബ്ജക്ട് ഇഷ്ടപ്പെട്ടു. തിരക്കഥയും ഇഷ്ടമായി. പക്ഷെ ഡയലോഗ് അല്‍പം കുറയ്‌ക്കാമോ” എന്ന് ശബ്നാ ആസ്മി ചോദിച്ചു. ഉടനെ പത്മരാജന്‍ തിരക്കഥയുടെ ഫയല്‍ അടച്ചു. തന്റെ ഡയലോഗ് കുറയ്‌ക്കാന്‍ പത്മരാജന്‍ തയ്യാറില്ലായിരുന്നു. തന്റെ സര്‍ഗ്ഗാത്മകതയില്‍ കൈവെയ്‌ക്കാന്‍ പത്മരാജന്‍ ഒരുക്കമല്ലായിരുന്നു. ഉടനെ ഗാന്ധിമതി ബാലന്‍ മദ്രാസിലേക്ക് പോയി, നടി മാധവിയെ പകരം ബുക്ക് ചെയ്തു. നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ നിര്‍മ്മാതാവായി പത്മരാജനുമായി തുടങ്ങിവെച്ച ബന്ധം പിന്നീട് പിരിയാന്‍ വയ്യാത്ത ബന്ധമായി മാറി.
അതാണ് പത്മരാജനും ഗാന്ധിമതി ബാലനും തമ്മിലുള്ള ബന്ധം. പത്മരാജന്റെ നോവലുകള്‍ വായിച്ചാണ് ഗാന്ധിമതി ബാലന്‍ പത്മരാജന്റെ ആരാധകനാകുന്നത്. പത്മരാജന്റെ ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ തുടങ്ങിയ നോവലുകള്‍ എത്ര തവണയോ വായിച്ചിട്ടുള്ള ആള്‍ കൂടിയാണ് ഗാന്ധിമതി ബാലന്‍.
അന്തരിച്ച ഗാന്ധിമതി ബാലനെ ഒരു കാലത്ത് ഒറ്റവരിയില്‍ സിനിമാലോകം വിശേഷിപ്പിച്ചിരുന്നത് പത്മരാജന്‍ സിനിമകളുടെ നിര്‍മ്മാതാവ് എന്നാണ്. കാരണം പത്മരാജന്റെ ഭ്രാന്തമായ സിനിമാസങ്കല്‍പങ്ങളെ അതേ നിറവില്‍ എളുപ്പം തിരിച്ചറിഞ്ഞിരുന്ന നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലന്‍.
ഗാന്ധിമതി ബാലന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏതാനും സിനിമകള്‍ മതി ഗാന്ധിമതി ബാലനെ അനശ്വരനായ നിര്‍മ്മാതാവാക്കാന്‍. നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ. പത്മരാജന്റെ മരണദിവസവും ഹോട്ടലില്‍ ഗാന്ധിമതി ബാലന്‍ ഉണ്ടായിരുന്നു. “രാത്രികിടക്കയില്‍ കിടന്ന പത്മരാജന്‍ പിറ്റേന്ന് രാവിലെ തറയില്‍ കിടക്കുന്നു. അങ്ങിനെയുള്ള പതിവ് പത്മരാജന് ഉണ്ടായിരുന്നു. ‘എണീക്ക് പപ്പേട്ടാ, മോഹന്‍ലാലിനെ കാണാന്‍ പോകേണ്ടതല്ലെ’ എന്ന് പറഞ്ഞു. അന്ന് ഭരതം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെ കാണാന്‍ പോകേണ്ടതുണ്ട്. പത്മരാജനെ എഴുന്നേല്‍പ്പിക്കാനായി ഒന്ന് പിച്ചി നോക്കി. പക്ഷെ നോക്കമ്പോള്‍ ശരീരം ഐസ് പോലെ തണുത്തിരിക്കുന്നു. അപ്പോള്‍ എന്റെ കൈ വിറക്കാന്‍ തുടങ്ങി. ഞാന്‍ കാലിക്കറ്റിന്റെ മാനേജര്‍ അബൂബക്കറെ വിളിച്ച് ഒന്നു പൊക്കാന്‍ പറഞ്ഞു. പക്ഷെ പൊക്കിയപ്പോള്‍ അനങ്ങുന്നില്ല. പിന്നെ ഞാന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു. അടുത്ത ഒരു മണിക്കൂര്‍ നേരത്തേക്ക് എനിക്ക് ഒന്നും ഓര്‍മ്മയില്ല.”- പത്മരാജന്റെ മരണം കണ്ടതിന്റെ അനുഭവം ഗാന്ധിമതി ബാലന്‍ വിവരിച്ചു.
മൂന്നാംപക്കം പിറന്ന കഥ
ഏയ് ഓട്ടോയുടെ നിര്‍മ്മാതാവ് കെആര്‍ജി എന്ന നിര്‍മ്മാതാവിന് വേണ്ടി പത്മരാജന്‍ എഴുതിയ കഥയാണ് മൂന്നാം പക്കം. സിനിമ നടക്കില്ലെന്നതിന്റെ വിഷമത്തിലായിരുന്നു പത്മരാജന്‍. ഗാന്ധിമതി ബാലന്‍ ആ സ്ക്രിപ്റ്റ് വായിച്ചു. അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. തിലകനും ജയറാമുമാണ് നായകര്‍. നാഗര്‍കോവിലായിരുന്നു ഷൂട്ടിംഗ്. “പിക്നിക് പോലെയാണ് പത്മരാജന്റെ ഷൂട്ടിംഗ്. എല്ലാം ആറ്റിക്കുറുക്കി എഴുതിയതിനാല്‍ പത്മരാജന് എല്ലാം അറിയാം. എന്തിന് കഥാപാത്രങ്ങള്‍ക്ക് ഡ്രസ് എടുക്കുന്നത് വരെ പത്മരാജനാണ്. അത്രയും വിശദാംശങ്ങള്‍ അദ്ദേഹത്തിന് അറിയാം. ലൊക്കേഷന്‍ കണ്ടശേഷം തിരക്കഥ ഫൈനലായി എഴുതുന്ന ആളാണ് പത്മരാജന്‍.” – ഗാന്ധിമതി ബാലന്‍ പറയുന്നു. അത് ഗംഭീരപടമായിരുന്നെങ്കിലും ഗംഭീര പരാജയവുമായി.
കാലത്തിന് മുന്‍പേ പിറന്ന തൂവാനത്തുമ്പികള്‍
പത്മരാജന്റെ ഉദകപ്പോളയാണ് തൂവാനത്തുമ്പികള്‍ എന്ന സിനിമയായത്. തൂവാനത്തുമ്പികളുടെ ഷൂട്ടിംഗ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അന്ന് പ്രൊഡ്യൂസറായ സ്റ്റാന്‍ലിക്ക് അറ്റാക്ക് വന്നു. പക്ഷെ മോഹന്‍ലാലിന് നല്ല കോണ്‍ഫിഡന്‍സ് ഉള്ള പടമായിരുന്നു അത്. അടുത്ത നാല് ദിവസത്തെ ഷൂട്ടിംഗിനുള്ള പണം മോഹന്‍ലാല്‍ തന്നെ പോക്കറ്റില്‍ നിന്നും ചെലവാക്കി. എന്നിട്ടാണ് ഗാന്ധിമതി ബാലനോട് ഈ പടത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്. അന്ന് ഊട്ടിയില്‍ ഫാസിലിന്റെ സംവിധാനത്തില്‍ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമ നിര്‍മ്മിക്കുകയാണ് ഗാന്ധിമതി ബാലന്‍. ഊട്ടിയിലെ ഷൂട്ടിംഗിനിടയില്‍ മോഹന്‍ലാലും പത്മരാജനും വിളിച്ചപ്പോള്‍ കേരളത്തില്‍ എത്തി. പത്മരാജന്‍ കൂടി സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. സിനിമയുടെ കഥ പറയാന്‍ ഗാന്ധിമതി ബാലന്‍ പത്മരാജനോട് ആവശ്യപ്പെട്ടപ്പോള്‍ അത് ക്ലാരയും ജയകൃഷ്ണനും തങ്ങളുമായുള്ള ഒരു കാര്യമാണ് കഥ. മൂന്നിടത്ത് കിടക്കുന്ന കഥാപാത്രങ്ങളെ കൂട്ടിയിണക്കുന്ന സ്ക്രിപ്റ്റ്. പിന്നെ ഒന്നും നോക്കിയില്ല. തൂവാനത്തുമ്പികളുടെ റൈറ്റ്സ് മുഴുവന്‍ ഗാന്ധിമതി ബാലന്‍ സ്റ്റാന്‍ലിയുടെ കയ്യില്‍ നിന്നും പണം നല്‍കി വാങ്ങി. കണക്കുകളെല്ലാം തീര്‍ത്തു. മോഹന്‍ലാലും നല്ലതുപോലെ സഹകരിച്ചു. സിനിമ താനാണ് നിര്‍മ്മിച്ചതെങ്കിലും അതില്‍ നിര്‍മ്മാതാവിന്റെ പേരായി സ്റ്റാന്‍ലിയുടെ പേരാണ് വെച്ചത്. “കാലത്തിന് മുന്‍പേ പിറന്ന പടമാണ് തൂവാനത്തുമ്പികള്‍. പുതിയ കുട്ടികള്‍ ഇന്നും തൂവാനത്തുമ്പികളെ മാതൃകയാക്കുന്നു. പ്രണയം അത്ര തീവ്രമാണ് തൂവാനത്തുമ്പികളില്‍. സിനിമ വന്‍ വിജയമായിരുന്നു.”- ഗാന്ധിമതി ബാലന്‍ പറയുന്നു.
അന്നത്തെ മലയാളം സിനിമയിലെ പരീക്ഷണസംവിധായകരായ ഭരതന്‍, കെ.ജി. ജോര്‍ജ്ജ്, ഫാസില്‍, വേണുനാഗവള്ളി എന്നിവരുമായി ചേര്‍ന്നും സിനിമകള്‍ നിര്‍മ്മിച്ചു. ആകെ 30 ൽ പരം സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അമ്മയുടെ പേരാണ് ഗാന്ധിമതി എന്നത്. ആ പേരില്‍ ആരംഭിച്ച കമ്പനി 1980കളിലും 1990കളിലും സാമ്പത്തിക വിജയം നേടിയ മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചു.
അന്ന് സംവിധായകരായിരുന്നു സിനിമയിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നു. അതില്‍ ഒരാളായിരുന്നു ബാലചന്ദ്രമേനോന്‍. അന്ന് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബാലചന്ദ്രമേനോന്‍ എന്ന് എഴുതിയാല്‍ അതോടെ ജനം തിയറ്ററിലേക്ക് ഒഴുകിയെത്തും. അങ്ങിനെയാണ് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ ഗാന്ധിമതി ബാലന്‍ നിർമാണ രംഗത്ത് എത്തിയത്. അന്ന് സെഞ്ച്വറി ഫിലിംസ് പാതി ഷൂട്ടിംഗ് നടത്തി ഉപേക്ഷിക്കാന്‍ പോയ ബാലചന്ദ്രമേനോന്റെ ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമ പാതിവഴിയില്‍ മുടങ്ങിയതില്‍ ബാലചന്ദ്രമേനോന് വിഷമമുണ്ടായിരുന്നു. ആ സിനിമ സെഞ്ച്വറി ഫിലിംസിന്റെ കയ്യില്‍ നിന്നും വാങ്ങി ബാലചന്ദ്രമേനോനെക്കൊണ്ട് പൂര്‍ത്തിയാക്കി ഗാന്ധിമതി ഫിലിംഗ് എന്ന നിര്‍മ്മാണക്കമ്പനിയുടെ പേരില്‍ പുറത്തിറക്കുകയായിരുന്നു ഗാന്ധിമതി ബാലന്‍. ആ സിനിമ വന്‍വിജയമായി. അങ്ങിനെയായിരുന്നു ഗാന്ധിമതി ബാലന്റെ സിനിമാനിര്‍മ്മാണരംഗത്തേക്കുള്ള കാല്‍വെയ്‌പ്. 1990ൽ പുറത്തിറങ്ങിയ ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ ആണ് ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച ഏറ്റവും ഒടുവിലത്തെ സിനിമ.
അനിത ബാലൻ ആണ് ഭാര്യ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: