കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഎം വാദങ്ങൾ പൊളിച്ച് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സിപിഎം പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്നാണ് റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ ഇതുവരെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഡിവൈഎഫ്ഐ പ്രവർത്തകരോ ഭാരവാഹികളോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവർക്കെല്ലാം ബോംബ് നിർമിക്കുന്നതിനെ കുറിച്ച് അറിയാമായിരുന്നുവെന്നും തെളിവുകൾ നശിപ്പിക്കാനടക്കം നേതാക്കൾ ശ്രമിച്ചിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികൾക്ക് ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31) ആണ് മുഖ്യസൂത്രധാരന്‍ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്നായിരുന്നു ഇതുവരെ സിപിഎം വാദം. പ്രാദേശികവിഷയമാണെന്നും രണ്ട് സംഘങ്ങൾ തമ്മിലുള്ള പ്രശ്നത്തിന്റെ ഭാഗമായാണ് ബോംബ് നിർമാണമെന്നുമായിരുന്നു സിപിഎം നേതൃത്വം പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിനെത്തിയ ഡിവൈഎഫ്ഐ സഖാവിനേയാണ് പോലീസ് പ്രതിചേർത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: