Categories: India

വാജ്‌പേയ് ഭരണത്തിലെ മുന്നണിസമവാക്യങ്ങള്‍

മുന്നണികളുടെ പിന്നണിയില്‍- 26

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഒരു മുദ്രാവാക്യവും ഇല്ലായിരുന്നു; ഐക്യമുന്നണിക്കും. പക്ഷേ രണ്ടു കൂട്ടരും ബിജെപി വിരോധം പറഞ്ഞു. ബിജെപിയാകട്ടെ, സുസ്ഥിരഭരണവും സദ്ഭരണവും എന്ന വിഷയം ചര്‍ച്ചയാക്കി. വാജ്പേയി സര്‍ക്കാരിന്റെ 13 ദിവസത്തെ ഭരണം, അവിശ്വാസ വോട്ടെടുപ്പിലെ തോല്‍വി എതിര്‍പക്ഷങ്ങളുടെ പരാജയം, വിശ്വാസ്യതയില്ലായ്മ തുടങ്ങിയവ വിഷയമാക്കി. സുസ്ഥിര സദ്ഭരണം’എന്ന മുദ്രാവാക്യം ജനത്തിനു മുന്നില്‍ വെച്ചു. പ്രധാനമന്ത്രിയായി അടല്‍ബിഹാരി വാജ്പേയിയെ അവതരിപ്പിച്ചു. മറുപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. കോണ്‍ഗ്രസും യുഎഫും അക്കാര്യത്തില്‍ കൃത്യമായ നിലപാട് പറഞ്ഞില്ല.

ഫലം വന്നപ്പോള്‍ ബിജെപിക്ക് 25.59 ശതമാനം വോട്ടും 182 സീറ്റും. ശിവസേനയുടെയും അകാലിദളിന്റെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ചെറുപാര്‍ട്ടികളുടേയും സഖ്യത്തില്‍ കണക്കാക്കിയാല്‍ ആകെ 255 സീറ്റ്. ജയലളിതയുടെ എഐഎഡിഎംകെ ബിജെപിയെ പിന്തുണച്ചു. കേന്ദ്രത്തില്‍ ഐക്യമുന്നണി അധികാരത്തിലിരിക്കെ ഡിഎംകെയുടെ സ്വാധീനവും പ്രവൃത്തികളുമാണ് ഒരു കാരണം. ഒപ്പം, ബിജെപിയുടെ ചില നിലപാടുകളോടുള്ള ആഭിമുഖ്യവും. ജയലളിത, തമിഴ്നാട് രാഷ്‌ട്രീയത്തിലെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വന്ന, അതിനാല്‍ത്തന്നെ ഒരു സംസ്ഥാനത്ത് ഒതുങ്ങിപ്പോയ ദേശീയ വീക്ഷണമുള്ള നേതാവായിരുന്നു. അയോദ്ധ്യയില്‍ വേണ്ടത് ശ്രീരാമക്ഷേത്രമാണെന്ന നിലപാടില്‍ മാത്രമല്ല, മതപരിവര്‍ത്തനം, കശ്മീര്‍ വിഷയം, ഏക സിവില്‍ നിയമം തുടങ്ങിയ വിഷയങ്ങളില്‍ ജയയ്‌ക്ക് ബിജെപി നിലപാടിനോടായിരുന്നു ആഭിമുഖ്യം. പക്ഷേ ജാതിരാഷ്‌ട്രീയവും തത്ത്വദീക്ഷയുമില്ലാത്ത താല്‍ക്കാലികലാഭ രാഷ്‌ട്രീയവും ആധിപത്യം നേടിയ തമിഴ്നാട്ടില്‍ കക്ഷിരാഷ്‌ട്രീയത്തിന് സകല ദോഷങ്ങളുടെയും ബാധയുണ്ട്. അഴിമതിയിടപാടുകളൊഴിച്ചാല്‍ ബിജെപിക്ക് സ്വീകാര്യയായിരുന്നു ജയ എക്കാലവും. 1981ല്‍ മീനാക്ഷിപുരത്ത് നടന്ന കൂട്ട മതപരിവര്‍ത്തനത്തിനെതിരെ മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവന്ന ജയലളിത ബിജെപിയുടെ സ്വാഭാവിക സഖ്യക്ഷിയാകേണ്ടയാളായിരുന്നു. രണ്ട് പ്രധാനമന്ത്രിമാരെ അവരോധിച്ച് ഒരു മുന്നണിയെ രാജ്യം ഭരിക്കാന്‍ നിയോഗിച്ച് അതില്‍ പരാജയപ്പെട്ട ടിഡിപിയുടെ രാഷ്‌ട്രീയം ബിജെപിക്കൊപ്പമെന്ന് തീരുമാനിച്ച് ചന്ദ്രബാബു നായിഡുവും വാജ്പേയിക്ക് പിന്തുണ പ്രഖ്യാപിച്ചു; പുറത്തുനിന്ന് പിന്തുണച്ചു. അങ്ങനെ വാജ്പേയി രണ്ടാമതും പ്രധാനമന്ത്രിയായി.

പതിമൂന്ന് ദിവസത്തെ ഭരണം കഴിഞ്ഞ് രണ്ടാമത് പ്രധാനമന്ത്രിയായി 13 മാസം തികഞ്ഞപ്പോള്‍ വാജ്പേയിക്ക് ഭൂരിപക്ഷം പോയി. കാരണം, നേരത്തെ ഏറെ വിശേഷിപ്പിച്ച ജയലളിതയും പാര്‍ട്ടി ഐഐഎഡികെയും. എന്തായിരുന്നു കാരണമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത പോരാ. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കാര്യവും ജയലളിതയുടെ രാഷ്‌ട്രീയ നയവും പോലെതന്നെയാണ്. നിലപാടുകളും അഭിപ്രായങ്ങളും വെച്ച് നോക്കുമ്പോള്‍ സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ സ്വാഭാവിക സഖ്യക്കാരനാവണം. അടിയന്തരാവസ്ഥക്കാലത്ത് സ്വാമിയെ ‘ഹീറോ’ആക്കി മാറ്റാന്‍ കൈമെയ് സഹായം നല്‍കിയത് ജനസംഘവും ആര്‍എസ്എസുമാണ്. അറസ്റ്റ് ചെയ്യപ്പെടാതെ, പാര്‍ലമെന്റിലെത്തി, അടിയന്തരാവസ്ഥക്കാലത്ത് ഒപ്പുവച്ച് ‘രക്ഷപ്പെട്ട’ സ്വാമിക്കറിയാം ‘സംഘപരിവാര്‍’ശക്തി. പക്ഷേ, സ്വാമി ഏത് പാര്‍ട്ടിയിലും ഏതുകാലത്തും ഒറ്റയാനാണ്. ഒറ്റയ്‌ക്ക് എന്തും ചെയ്യാന്‍ കെല്‍പ്പ് പ്രകടിപ്പിക്കത്തക്കവിധം നിരവധി കോണുകളില്‍ നിന്ന്, പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും അതീതമായി കൂട്ടുകൂടുന്നയാളുമാണ്. സോണിയ, ജയലളിത, സുബ്രഹ്മണ്യന്‍ സ്വാമി കൂടിക്കാഴ്ചയും അന്നത്തെ ഒരു ‘ചായ് പേ ചര്‍ച്ച’യുമാണ്, വാജ്പേയി സര്‍ക്കാരിനെ 13-ാം മാസം വീഴിച്ചത്.

ജയലളിത പിന്തുണ പിന്‍വലിച്ചു. 1999 ഏപ്രില്‍ 17 ന് വാജ്പേയിക്ക് പ്രധാനമന്ത്രി പട്ടം പോയി. 13 ദിവസത്തെ ആദ്യസര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയതുപോലെയായിരുന്നില്ല രണ്ടാംവട്ടം സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന വിശ്വാസമായിരുന്നു മിക്കവര്‍ക്കും. പിന്തുണ പിന്‍വലിച്ച എഐഎഡിഎംകെയ്‌ക്കുപോലും ആ തീരുമാനമെന്തിന് എന്ന് വിശ്വസനീയമായി വിശദീകരിക്കാനായില്ല; 1991 ഏപ്രില്‍ 14നായിരുന്നു ആ തീരുമാനം. ഒറ്റ വോട്ടിനാണ് വാജ്പേയി പുറത്തായത്. 270 വോട്ട് വിശ്വാസ പ്രമേയത്തെ എതിര്‍ത്തും 268 വോട്ട് അനുകൂലിച്ചും വന്നു. 539 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആ ഒറ്റ വോട്ടിന്റെ സാധു ഇപ്പോഴും ഒരു ചോദ്യമാണ്; ഉത്തരമില്ലാത്ത ചോദ്യം.

കോണ്‍ഗ്രസിന്റെ ആ രാഷ്‌ട്രീയക്കളിയില്‍ അവസാന നിമിഷം അവര്‍ തോല്‍ക്കുമെന്ന് കരുതിയെങ്കിലും താല്‍ക്കാലികമായി ജയിച്ച്, പിന്നെ വീണ്ടും കനത്തതോതില്‍ തോറ്റ കളിയായി മാറി. ഒഡീഷയില്‍ നിന്നുള്ള എംപിയായ ഗിരിധര്‍ ഗമാങ്, അതിനിടെ ഒഡീഷയിലെ മുഖ്യമന്ത്രിയായി നിയുക്തനായി. രാഷ്‌ട്രീയമായും അല്ലാതെയും സോണിയയ്‌ക്ക് താല്‍പ്പര്യമുള്ള നേതാവായിരുന്നു ഗിരിധര്‍. സാധാരണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എംപി സ്ഥാനം രാജിവെക്കണം. എന്നാല്‍ മുഖ്യമന്ത്രി ഗിരിധര്‍ പാര്‍ലമെന്റംഗവുമായി തുടരുന്നു. അതിനിടയ്‌ക്കാണ് നിര്‍ണായക വിശ്വാസ വോട്ടെടുപ്പ് വന്നത്.

ഭരണഘടനയും പാര്‍ലമെന്റ് ഘടനയും ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വഴികളില്‍ ജനാധിപത്യം കടന്നുപോകുന്ന കാലമായിരുന്നു തൊണ്ണൂറുകളുടെ അവസാനം എന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ ആ എംപിക്ക് വോട്ടവകാശമുണ്ടോ? ആ വോട്ട് സാധുവാണോ എന്നൊന്നും അക്കാലത്ത് ‘വിധി’ ഉണ്ടായിരുന്നില്ല. ഗമാങ്ങിനെ പ്രത്യേക വിമാനത്തില്‍ വരുത്തി വാജ്പേയിക്ക് എതിരായി വോട്ടു ചെയ്യിച്ചാണ്; വാജ്പേയിയെ പുറത്താക്കുക, ഭരണം പിടിക്കുക എന്ന അജണ്ട കോണ്‍ഗ്രസിന് നടപ്പാക്കാന്‍ കഴിഞ്ഞത്. അന്നത്തെ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ ഏറെ സഹായിച്ചിട്ടും പക്ഷേ ഭരണം പിടിക്കല്‍ മാത്രം നടന്നില്ല. വാജ്പേയി പുറത്തായി. പിന്നെയും തെരഞ്ഞെടുപ്പോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു.
(തുടരും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക