ന്യൂദല്‍ഹി: മണിപ്പൂരില്‍ പ്രശ്നപരിഹാരത്തിന് കൂട്ടായ പരിശ്രമമാണുണ്ടായതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടല്‍ മൂലം സ്ഥിതി മെച്ചപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പാര്‍ലമെന്റില്‍ നേരത്തെ വിശദീകരിച്ചതാണ്. മികച്ച ഇടപെടലുകളാണ് മണിപ്പൂരില്‍ നടത്തിയതെന്നും ആസാം ട്രിബ്യൂണലിന് നല്കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.
ഇരു സര്‍ക്കാരുകളുടെയും ഇടപെടലുകള്‍ മൂലം സമാധനം പുനസ്ഥാപിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായി. സംഘര്‍ഷം മൂര്‍ദ്ധന്യത്തിലെത്തിയ സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരില്‍ ക്യാമ്പ് ചെയ്താണ് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. 15ലേറെ യോഗങ്ങളാണ് സമാധാന ശ്രമങ്ങളുടെ ഭാഗമായി അമിത് ഷാ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യാനുസരണം കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പിന്തുണ നല്‍കുന്നുണ്ട്. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ളവ പരിഹാര നടപടികളില്‍ ഉള്‍പ്പെടുന്നുവെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകളോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തരംതാഴ്ത്തപ്പെട്ട നിലയിലായിരുന്നു. ഈ മേഖലയിലെ ജനങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ടിരുന്നത് ഈ രീതിയിലായിരുന്നു. വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമെ വൈദ്യുതി ഉണ്ടായിരുന്നുള്ളു. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ വന്‍കുതിപ്പാണ് ഈ മേഖലയിലുണ്ടായത്. 70 തവണയാണ് പ്രധാനമന്ത്രിയായശേഷം വടക്ക് കിഴക്കന്‍ മേഖലയില്‍ സന്ദര്‍ശിച്ചത്. എല്ലാ പ്രധാനമന്ത്രിമാരുംകൂടി സന്ദര്‍ശിച്ചതിനെക്കാള്‍ കൂടുതലാണിത്. 2015ന് ശേഷം 680 ലേറെ തവണയാണ് കേന്ദ്രമന്ത്രിമാര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുള്ളത്. വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളത്. 2014 മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 14,000 കോടിയാണ് ചെലവഴിച്ചത്.
രാജ്യത്തെ ആദ്യത്തെ സ്പോര്‍ട്സ് യൂണിവേഴ്സിറ്റ് മണിപ്പൂരില്‍ ആരംഭിച്ചു. ഈ മേഖലയില്‍ 4000 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. 13000 അടി ഉയരത്തില്‍ നിര്‍മിച്ച സേലാ തുരങ്കത്തിന്റെ ഉദ്ഘാടനം ഈയിടെ നിര്‍വഹിച്ച കാര്യവും മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: