വടകര: സംസ്ഥാനം ഭരിക്കുന്ന സിപിഎം ബോംബ് നിര്‍മാണ ഫാക്ടറിയാണ് നടത്തുന്നതെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് മതതീവ്രവാദികളുടെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മാണമെന്ന് പാനൂരിലെ സംഭവം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് ബോംബ് നിര്‍മിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണം. വടകരയിലെ സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ കൂടെയാണ് ബോംബ് നിര്‍മിച്ചയാള്‍ നില്‍ക്കുന്നത്. സിപിഎമ്മും അവരുടെ സ്ഥാനാര്‍ത്ഥിയും ഭീകരര്‍ക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായ നടപടി എടുക്കണം. കോണ്‍ഗ്രസിലും സിപിഎമ്മിലും ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 30 വര്‍ഷവും സിപിഎം 35 വര്‍ഷവും ഭരിച്ച ബംഗാളില്‍ ഇന്ന് ഒരു എംഎല്‍എ പോലും അവര്‍ക്കില്ല. അതേ അവസ്ഥ കേരളത്തിലും വരും, പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ഇത്തരം ഭീകരപ്രവര്‍ത്തനത്തെ സമാധാനം കൊണ്ടും മോദിയിലെ വിശ്വാസം കൊണ്ടുമാണ് ബിജെപി നേരിടാന്‍ പോകുന്നത്. മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രിയാകും. ബിജെപി കൂടുതല്‍ സീറ്റുകള്‍ ഇവിടെ നേടുമെന്നും വരാനിരിക്കുന്ന പതിനഞ്ച് നാള്‍ കേരള രാഷ്‌ട്രീയത്തിന് നിര്‍ണായകമായിരിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.പി. ശ്രീശന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, എം. മോഹനന്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മനീഷ്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജീഷ് കാളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: