കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പരേതനായ കെ.എം മാണിയെ അനുസ്മരിച്ചുകൊണ്ട് സ്മൃതി ദിനമായ ചൊവ്വാഴ്ച മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ അരപേജ് പരസ്യം. പരസ്യം കൊടുത്തത് ആരാണെന്ന് പരസ്യത്തില്‍ കാണുന്ന ലേഖനത്തില്‍ ഒരിടത്തും പറയുന്നില്ല. മാര്‍ക്കറ്റിംഗ് ഇനിഷ്യേറ്റീവ് എന്ന് അടിക്കുറിപ്പ് നല്‍കി ഇത് പത്രവാര്‍ത്തയല്ല, പരസ്യമാണെന്ന് അസന്നിഗ്‌ദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. മാണിയുടെ തനിച്ചുള്ള മുഴുകായ ചിത്രവും ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രങ്ങളും കുട്ടിയമ്മയ്‌ക്കും കര്‍ഷകരും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും പരസ്യത്തിലുണ്ട്. ഇതിനൊപ്പം ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ഒരു കമന്റും ചേര്‍ത്തിട്ടുണ്ട്. സസൂഷ്മം വിലയിരുത്തിയാല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ് കൊടുത്തതെന്ന് തോന്നാം. ഇടതുപക്ഷ സര്‍ക്കാരില്‍ ധനമന്ത്രി ആയിരുന്ന കെ.എം മാണി സാറിന്റെ ബജറ്റില്‍….. എന്ന് തുടങ്ങുന്ന ചില പ്രയോഗങ്ങള്‍ ഇതിനെ സാധൂകരിക്കുന്നുണ്ട്.
ഇങ്ങനെ പരസ്യം കൊടുക്കുന്നത് തെറ്റൊന്നുമില്ല. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് ഊരും പേരുമില്ലാത്ത ഒരു പരസ്യം അതും കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന് ഒരേ മണ്ഡലത്തില്‍ തന്നെ നേര്‍ക്കുനേര്‍ നിന്ന് ജനവിധി തേടുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ നല്‍കിയതിലാണ് കൗതുകം. അതും രണ്ടു വിഭാഗക്കാരും കെഎം മാണിയെ നേതാവായി വാഴ്‌ത്തുന്ന ഈ ഘട്ടത്തില്‍ ഈ സ്മൃതി ദിന പരസ്യം ആര്‍ക്ക് ഗുണം ചെയ്യും എന്നുള്ളത് പറയാന്‍ പറ്റില്ല. രണ്ടുകൂട്ടരും മാണിയുടെ പാരമ്പര്യം അവകാശപ്പെടുന്നതിനാല്‍ ആര്‍ക്കു വേണമെങ്കിലും ഗുണം ചെയ്യാം.
മാണിയുടെ അപദാനങ്ങള്‍ വിളംബരം ചെയത് പത്തുവോട്ടു നേടാനുള്ള വിദ്യയാണെന്നും വ്യാഖ്യാനിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്‌റെ കണ്ണുവെട്ടിച്ച് ഒരു തെരഞ്ഞെടുപ്പ് പരസ്യം.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: