കോട്ടയം: അധികാരം ഉണ്ടെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് എന്തും ആകാമെന്ന പിണറായി സര്‍ക്കാരിന്‌റെ ഹുങ്കിന് ഹൈക്കോടതിയില്‍ നിന്ന് ഒരു തിരിച്ചടി കൂടി. പത്രപ്രവര്‍ത്തകനില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ നാലാഴ്ചയ്‌ക്കുള്ളില്‍ ഫോറന്‍സിക് ലാബില്‍ നിന്ന് എടുത്ത് ഹര്‍ജിക്കാരന് തിരികെ നല്‍കാന്‍ ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഫോണ്‍ പിടിച്ചെടുത്ത ശേഷം നടന്ന പൊലീസിന്‌റെ കള്ളക്കളിയെയും കോടതി ശക്തമായി വിമര്‍ശിച്ചു. പത്തനംതിട്ടയിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ ജി.വിശാഖന്‍ അഡ്വ.ഡി.അനില്‍കുമാര്‍ മുഖേനെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.
പി.വി. ശ്രീനിജന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ ഇളമക്കര പൊലീസ് മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് എതിരേ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ജി.വിശാഖന്റെ മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട എസ്.എച്ച്.ഓ ആയിരുന്ന ജിബു ജോണ്‍ പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു സംഭവം. തുടര്‍ന്ന് വിശാഖന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ കേസില്‍ പ്രതിയല്ലാത്തയാളുടെ ഫോണ്‍ പിടിച്ചെടുത്തതിനെ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കേസില്‍ പ്രതിയല്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഫോണ്‍ ആവശ്യമില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് ഫോണ്‍ തിരികെ എടുക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിടുകയും ചെയതു. ഇതനുസരിച്ച് വിശാഖന്‍ ഫോണ്‍ തിരികെ കിട്ടാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. എന്നാല്‍, ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചുവെന്ന് കാട്ടി ഡിസംബര്‍ 30 ന് ഹര്‍ജി തീര്‍പ്പാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് തിരക്കിട്ട് ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്‌ക്കാന്‍ നീക്കമുണ്ടായതെന്ന് വ്യക്തമായി. ഇക്കാര്യംചൂണ്ടിക്കാട്ടിയാണ് വിശാഖന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: