തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം റോഡ് ഷോയിലേക്ക് കടന്നപ്പോള്‍ ആട്ടും പാട്ടും നൃത്തവുമായി വോട്ടര്‍മാരും അണിചേര്‍ന്നു. ഇന്നലെ റോഡ്ഷോ ആയിരുന്നു മുഖ്യ ആകര്‍ഷണം. നേമം, ആറ്റുകാല്‍, പട്ടം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലായിരുന്നു റോഡ് ഷോ. രാവിലെ തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷമാണ് റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്.
”നാട്യങ്ങളില്ലാത്ത നാട്ടുകാരന്, വികസന നായകന്, നിങ്ങളില്‍ ഒരുവനായ രാജീവ് ചന്ദ്രശേഖര്‍ ഇതാ ജനങ്ങളെ കാണാനെത്തുന്നു…” എന്ന പ്രചരണ വാഹനത്തിന്റെ അറിയിപ്പ് കേള്‍ക്കുമ്പോള്‍ തന്നെ രാജപാതകള്‍ക്ക് ഇരുവശവും വോട്ടര്‍മാരെ കൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നിരവധി പേര് സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്തുനിന്നു. മോദി, മോദി ഇത് മോദിയുടെ ഗ്യാരന്റി, ഇനി നല്‍കാം അവകാശം നമ്മെ നയിച്ചിടാം’ എന്ന തീം സോങ്ങിനൊപ്പം നൃത്തം ചവിട്ടി യുവാക്കളും റാലിക്ക് ആവേശമായി.
തുറന്ന ജീപ്പില്‍ നിറപുഞ്ചിരിയോടെ റോഡിന് ഇരുവശത്തുമായി കാത്തുനിന്നവരെ സ്ഥാനാര്‍ത്ഥി കൈവീശി അഭിവാദ്യം ചെയ്തു. യുവാക്കളുടെ ബൈക്ക് റാലി തൊട്ടുപിന്നിലായി ആവേശം വിതറി അനുഗമിച്ചു. തൊട്ടുപുറകില്‍ താമരയുടെ കൊടിയേന്തിയ ഓട്ടോറിക്ഷകള്‍. പിന്നിലായി റോഡിന് ഇരുവശവും തിങ്ങിക്കൂടിയവര്‍ കൂടി ജാഥയില്‍ അണിനിരന്നപ്പോള്‍ അലകടലായി റോഡ് ഷോ. സ്വീകരണത്തിന് നന്ദി പറഞ്ഞും ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രധാന്യം ചുരുക്കം വാചകങ്ങളില്‍ പറഞ്ഞുമായിരുന്നു അടുത്ത സ്ഥലത്തെ റോഡ് ഷോയിലേക്ക് നീങ്ങിയത്. പരമാവധി വോട്ടറന്മാരെ നേരില്‍ കാണാനുള്ള വാഹന പര്യടനം വൈകിട്ട് തിരുമലയില്‍ നിന്നാണ് ആരഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: