മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മദ്യപിച്ചെത്തിയ ഇരുവര്‍ സംഘം ജീവനക്കാരെ ആക്രമിച്ചു.സുരക്ഷാജീവനക്കാര്‍ക്കും ഇസിജി ടെക്‌നീഷ്യനും സംഭവത്തില്‍ മര്‍ദനമേറ്റു. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്യനാട് പറണ്ടോട് സ്വദേശി ഷാനിനെ കാണാനെത്തിയ വെള്ളായണി സ്വദേശികളായ അരുണ്‍കുമാര്‍, വിഗ്‌നേഷ് എന്നിവരാണ് അക്രമാസക്തരായത്. ഷാനിന്റെ അടുത്തേക്ക് പോകാനായി ആശുപത്രിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സാര്‍ജന്റും സെക്യൂരിറ്റി ജീവനക്കാരും തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതില്‍ അരുണ്‍കുമാര്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും വിഗ്‌നേഷ് ജീവനക്കാരോട് വാക്കേറ്റം നടത്തി സാര്‍ജന്റിനെ കയ്യിലിരുന്ന ഹെല്‍മെറ്റ് കൊണ്ട് അടിച്ചു.
തടയാന്‍ ശ്രമിച്ച എയ്ഡ് പോസ്റ്റ് പോലീസുകാരനേയും ഉടുപ്പിന് കുത്തിപ്പിടിച്ച് തള്ളി. ഇതോടെ ആശുപത്രി ജീവനക്കാര്‍ ഇരുവരേയും പോലീസില്‍ ഏല്‍പിക്കാനായി ആശുപത്രിക്കുള്ളില്‍ പിടിച്ചിരുത്തിയതോടെ കോപാകുലനായ വിഗ്‌നേഷ് ഇസിജി ടെക്‌നീഷ്യനെ മര്‍ദിച്ച് ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് വിഗ്‌നേഷിനെതിരെ മെഡിക്കല്‍ കോളജ് പോലീസ് ഹെല്‍ത്ത് കെയര്‍ ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: