അന്യരുടെ കാലഗണനകളെ ആശ്രയിക്കുന്നവര്‍ അടിമകളായിത്തീരുകയും, അവര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. ”നമ്മുടെ അഭിമാനകരമായ ജീവിതത്തിലേക്ക് ഉണരണമെന്നുണ്ടെങ്കില്‍, നമ്മുടെ ഹൃദയങ്ങളില്‍ ദേശാഭിമാനത്തിന്റെ വിത്തുകള്‍ പൊട്ടിമുളയ്‌ക്കണമെങ്കില്‍ നാം ഹൈന്ദവമായ കാലഗണനാ രീതികളില്‍ അഭയം തേടേണ്ടതുണ്ട്. അന്യരുടെ തീയതികളെ ആശ്രയിക്കുന്നവര്‍ അടിമകളായിത്തീരുകയും, അവര്‍ക്ക് ആത്മാഭിമാനം നഷ്ടമാവുകയും ചെയ്യും.”
വിദ്യാസമ്പന്നരായ രാജ്യസ്‌നേഹികള്‍ പോലും വേണ്ടത്ര തിരിച്ചറിയാത്ത കാര്യമാണ് വിവേകാനന്ദന്‍ കുറഞ്ഞത് ഒന്നര നൂറ്റാണ്ടുമുന്‍പെങ്കിലും കൃത്യമായി പറഞ്ഞത്. സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ വിദ്യാഭ്യാസ പദ്ധതികളിലേക്ക് ശരിയായി പ്രവേശനം ലഭിച്ചിട്ടില്ലാത്ത ഭാരതീയ കാലഗണനാ രീതിയുടെ പ്രാധാന്യം ഒട്ടും കുറച്ചുകാണാനാവില്ല. മുന്‍കാല പ്രാബല്യത്തോടെ ഈ രീതിക്ക് നമ്മുടെ പാഠ്യപദ്ധതിയില്‍ ഇടം ലഭിക്കേണ്ടതുണ്ട്. പാശ്ചാത്യമായ വ്യാഖ്യാനങ്ങളില്‍ നിന്നും വിധിതീര്‍പ്പുകളില്‍നിന്നും ഭാരതത്തിന്റെ പൗരാണികമായ ചരിത്രവും സംസ്‌കാരവും വീണ്ടെടുക്കപ്പെടണമെങ്കില്‍ നാം ഭാരതീയമായ കാലഗണനാ രീതിയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു.
ഇവിടെയാണ് ഹൈന്ദവ വര്‍ഷാരംഭമായ വര്‍ഷ പ്രതിപദയുടെ പ്രസക്തി. ഓരോ വര്‍ഷവും ചൈത്ര മാസത്തിലെ ആദ്യ ദിനമാണ് വര്‍ഷ പ്രതിപദ ആഘോഷിക്കുന്നത്. ഈ പുതുവത്സരാരംഭത്തിന്റെ വേരുകള്‍ ഭാരതത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴ്ന്നിറങ്ങിയിട്ടുള്ളതാണ്. ബിസി 57 ല്‍ ഉജ്ജയിനി ഭരിച്ചിരുന്ന വിക്രമാദിത്യനിലൂടെയാണ് ഇതിന്റെ തുടക്കം. അതിക്രൂരന്മാരായ ശകന്മാരെ തോല്‍പ്പിച്ചാണ് നീതിമാനും ജനകീയനുമായ വിക്രമാദിത്യന്‍ ഭരണം സ്ഥാപിച്ചത്. 2080 വര്‍ഷം മുന്‍പാണ് ഇതെന്ന് കരുതപ്പെടുന്നു. വിക്രമ സംവത്സരത്തെ അടിസ്ഥാനമാക്കിയാണ് സനാതന ധര്‍മ വിശ്വാസികള്‍ ഏറിയകൂറും വിവാഹം, പേരിടല്‍, ഗൃഹപ്രവേശം തുടങ്ങിയവ ആഘോഷിച്ചിരുന്നത്.
ത്രുടി മുതല്‍ കല്‍പ്പം വരെ അതിവിശാലമായ ഒരു കാലഗണനാ സങ്കല്‍പ്പമാണ് ഭാരതത്തിനുള്ളത്. എന്നാല്‍ നൂറ്റാണ്ടിനും സഹസ്രാബ്ദത്തിനും അപ്പുറത്തേക്ക് നീളാത്തതാണ് പാശ്ചാത്യ കാലഗണനകള്‍. ചതുര്‍യുഗം, മന്വന്തരം, കല്‍പ്പം എന്നിവയ്‌ക്ക് ഇംഗ്ലീഷ് ഉള്‍പ്പെടെ പാശ്ചാത്യ ഭാഷകളില്‍ ശരിയായ വാക്കുകള്‍ പോലുമില്ല. മന്വന്തരങ്ങളും കല്‍പ്പങ്ങളും വച്ച് കാലവുമായി വ്യവഹിച്ചിരുന്ന ഒരു ജനതയെ മോചിപ്പിക്കാന്‍ കേവലം നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മതങ്ങള്‍ ശ്രമിക്കുന്നതിന്റെ പരിഹാസ്യത ഒ. വി. വിജയന്‍ തുറന്നുകാട്ടിയിട്ടുള്ളത് ഇവിടെ ഓര്‍ക്കാം. പില്‍ക്കാലത്ത് നിരോധിക്കപ്പെട്ട ഒരു മതമൗലികവാദ സംഘടന ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.
പുതുവത്സരത്തിന്റെ സാംസ്‌കാരിക മാനം
ചൈത്ര മാസത്തിലെ പ്രകൃതി മനോഹരവും ഉത്സാഹഭരിതവുമാണ്. ആഘോഷങ്ങളും ഉത്സവങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ചൈത്രമാസത്തെ അടയാളപ്പെടുത്തുന്നു. ചൈത്ര മാസത്തില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രകൃതി ഒരുങ്ങുന്നത് കാണാം. ആത്മീയമായ പ്രാധാന്യവും ഈ മാസത്തിനുണ്ട്. മഹാരാഷ്‌ട്ര, ഗോവ, കൊങ്കണ്‍ മേഖലകളില്‍ ഭാരതീയ വര്‍ഷാരംഭം ഗുഡി പഡ്‌വയായി അറിയപ്പെടുന്നു. ആന്ധ്രയിലും തെലുങ്കാനയിലും കര്‍ണാടകയിലും ഇത് ഉഗാദിയാണ്. രാജസ്ഥാനില്‍ തപ്‌നയും കശ്മീരില്‍ നവാരെയുമാണ്. പഞ്ചാബിലും ഹരിയാനയിലും വൈശാഖിയും, തമിഴ്‌നാട്ടിലും കേരളത്തിലും വിഷുവുമാണല്ലോ.
ഹിന്ദു പുതുവത്സര ദിനം ആഘോഷിക്കാന്‍ പലര്‍ക്കും വിമുഖതയാണ്. യാഥാസ്ഥിതികരെന്ന് മുദ്രകുത്തപ്പെടുമെന്ന ഭയം. സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നേരുന്നവര്‍ക്കും അതിന്റെ സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യം അറിയണമെന്നില്ല. നഗരങ്ങളില്‍ ജനുവരി ഒന്ന് മതിമറന്ന് പുതുവത്സര ദിനമായി ആഘോഷിക്കുന്നവര്‍ വര്‍ഷപ്രതിപദയെ വിസ്മരിക്കുന്നു. ജനുവരി ഒന്ന് ലോകമെമ്പാടും പുതുവത്സര ദിനമായി ആഘോഷിക്കുന്നു എന്ന പലരുടെയും ധാരണ് തെറ്റാണ്. നമ്മുടെ അയല്‍ രാജ്യമായ ചൈനയില്‍ പോലും ഇങ്ങനെയല്ല. അവര്‍ക്ക് സ്വന്തം പുതുവത്സര ദിനമുണ്ട്. ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയ്‌ക്കാണ് ഇത് വരുന്നത്. ചൈനക്കാര്‍ക്ക് പുതുവത്സര ദിനം സാമൂഹ്യ-സാംസ്‌കാരിക ആഘോഷമാണ്. പരസ്പരം അഭിനന്ദിക്കാനും തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനുമൊക്കെ ഈ അവസരം അവര്‍ ഉപയോഗിക്കുന്നു. കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ആശംസകള്‍ നേരുന്നു. മാതാപിതാക്കള്‍ അവര്‍ക്ക് ചുവന്ന കവറിലിട്ട് “വിഷുക്കൈനീട്ടം” നല്‍കും. ഈ ആഘോഷം ചൈനക്കാര്‍ക്ക് ഏറ്റവും വലിയ ദേശീയ അവധി ദിനവുമാണ്. കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, ശ്രീലങ്ക, വിയറ്റ്‌നാം, ബംഗ്ലാദേശ്, ഉത്തര-ദക്ഷിണ കൊറിയകള്‍ എന്നിവയ്‌ക്കും ജനുവരി ഒന്ന് പുതുവത്സര ദിനം അല്ല. സൗദി അറേബ്യ ഇസ്ലാമിക കലണ്ടര്‍ അനുസരിച്ചുള്ള പുതുവത്സര ദിനമാണ് ആഘോഷിക്കുന്നത്.
മഹാഭാരതയുദ്ധത്തിനുശേഷം യുധിഷ്ഠിരന്റെ സ്ഥാനാരോഹണം നടന്നത് വര്‍ഷ പ്രതിപദ ദിനത്തിലാണെന്ന് കരുതപ്പെടുന്നു. ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗെവാറിന്റെ ജന്മദിനം എന്ന പ്രാധാന്യം വര്‍ഷ പ്രതിപദയ്‌ക്കുണ്ട്. ഹൈന്ദവ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതീയരെ സംഘടിപ്പിച്ച് രാഷ്‌ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യമാണ് ഡോ. ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നത്. സാമ്രാജ്യത്വ വാഴ്ചയില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനുവേണ്ടി അനുശീലന്‍ സമിതി പോലുള്ള വിപ്ലവ സംഘടനകളിലും ജനകീയ പ്രസ്ഥാനമായ കോണ്‍ഗ്രസിലുമൊക്കെ പ്രവര്‍ത്തിച്ചതിന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് ഡോ.ഹെഡ്‌ഗേവാര്‍ ആര്‍എസ്എസിന് തുടക്കംകുറിച്ചത്.
പരമവൈഭവത്തിന്റെ പ്രയോക്താവ്
ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ നയിച്ചുകൊണ്ടിരിക്കുമ്പോഴും ബ്രിട്ടീഷ് വാഴ്ചയില്‍ നിന്നുള്ള ജനതയുടെ മോചനത്തിനു വേണ്ടി ദാഹിക്കുന്ന മനസ്സായിരുന്നു ഡോ. ഹെഡ്‌ഗേവാറിന്റേത്. 1940 ലാണ് ഡോക്ടര്‍ജി അന്തരിച്ചത്. അന്തിമ നിമിഷത്തില്‍ പോലും നാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഈ മഹാപുരുഷന് പറയാനുണ്ടായിരുന്നത്. ”നമ്മള്‍ വളരെ വൈകിയിരിക്കുന്നു. ഇപ്പോഴും നമ്മള്‍ തയ്യാറായിട്ടില്ല” എന്ന തിടുക്കമാണ് അവസാന വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നത്. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ഉപയോഗപ്പെടുത്തി ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന തിടുക്കം ഈ വാക്കുകളിലുണ്ടായിരുന്നു.
ഡോ.ഹെഡ്‌ഗേവാര്‍ എംബിബിഎസ് പാസായ കാലത്ത് നാഗ്പൂരില്‍ 30 ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വളരെ ആകര്‍ഷകവും നല്ല വരുമാനം ലഭിക്കുന്നതുമായ ഒരു ജോലി കാത്തിരുന്നപ്പോഴും അവിവാഹിതനായി കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. നാടിന്റെ മോചനത്തെക്കുറിച്ചായിരുന്നു ചിന്ത. അതിനോടകം അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവായി കഴിഞ്ഞിരുന്ന ഹെഡ്‌ഗേവാര്‍ തനിക്കുള്ളതെല്ലാം രാഷ്‌ട്രത്തിന് സമര്‍പ്പിച്ച് നിത്യ ദാരിദ്ര്യത്തില്‍ കഴിഞ്ഞു. കൗമാരക്കാരെ സംഘടിപ്പിച്ച് ആര്‍എസ് എസിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചപ്പോള്‍ ഹെഡ്‌ഗേവാറിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. എംബിബിഎസുകാരനായ ഒരാള്‍ കൗമാരക്കാരായ കുട്ടികളുമൊത്ത് കളിക്കുന്നത് പലരെയും ആശ്ചര്യപ്പെടുത്തി. അധികം വൈകാതെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം നാഗ്പൂരില്‍നിന്ന് വിദര്‍ഭയിലേക്ക് വ്യാപിച്ചു. അതോടെ ആളുകള്‍ ഈ പുതിയ സംഘടനയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹിന്ദു സമൂഹത്തെ സംഘടിപ്പിച്ച് ആര്‍എസ്എസ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരു നേതാവ് ചോദിച്ചപ്പോള്‍ ”ആര്‍എസ്എസ് ഒന്നും ചെയ്യാന്‍ പോകുന്നില്ല, പക്ഷേ സ്വയംസേവകര്‍ എല്ലാം ചെയ്യും” എന്നായിരുന്നു ഹെഡ്‌ഗേവാറിന്റെ മറുപടി.
താന്‍ തുടക്കമിട്ട പ്രസ്ഥാനത്തെക്കുറിച്ച് ആര്‍എസ്എസ് സ്ഥാപകനുണ്ടായിരുന്ന കാഴ്ചപ്പാടിന്റെ നിദര്‍ശനമായിരുന്നു ഈ വാക്കുകള്‍. സ്വതന്ത്ര ഭാരതം കണ്ട പ്രമുഖ ദേശീയ ചിന്തകനും സംഘാടകനുമായിരുന്ന ദത്തോപാന്ത് ഠേംഗ്ഡി ആര്‍എസ്എസിന്റെ വളര്‍ച്ചയെ ‘ഭാവാത്മകമായ വിടരല്‍’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ”ചിത്രകാരന്‍ കാന്‍വാസില്‍ വരച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ചിത്രം എങ്ങനെയാണ് രൂപപ്പടുന്നതെന്ന് കാഴ്ചക്കാരന് മനസ്സിലാകില്ല. പക്ഷേ എന്താണ് തന്റെ ചിത്രമെന്ന് ചിത്രകാരന് നന്നായറിയാം. ചിത്രരചന അനുക്രമം വികസിക്കുമ്പോള്‍ കാഴ്ചക്കാരന്‍ അത്ഭുതപ്പെടുന്നു.” ഇതുപോലെയാണ് ഡോ. ഹെഡ്‌ഗേവാര്‍ രൂപംനല്‍കിയ ആര്‍എസ്എസ് എന്ന സംഘടന വളര്‍ന്നുവികസിച്ചത്. എന്താണ് ആ സംഘടനയെന്നും, എങ്ങനെയാണ് അതിന്റെ പ്രവര്‍ത്തനമെന്നും, ഭാവിയില്‍ എന്തായിത്തീരുമെന്നുമുള്ള ദീര്‍ഘവീക്ഷണം ഹെഡ്‌ഗേവാറിനുണ്ടായിരുന്നു.
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആര്‍എസ്എസിന് ഓരോ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടായിരുന്നു. കൗമാരക്കാരായ കുട്ടികള്‍ മൈതാനങ്ങളിലെ ശാഖകളില്‍ കളിക്കുന്നതാണ് ജനങ്ങള്‍ ആദ്യം കണ്ടത്. രാഷ്‌ട്ര വിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തില്‍ പാകിസ്ഥാനില്‍നിന്നുള്ള ഹിന്ദു-സിഖ് അഭയാര്‍ത്ഥികളെ യുവാക്കള്‍ ധീരമായി സംരക്ഷിക്കുന്നത് പിന്നീട് കാണുകയുണ്ടായി. ചൈനയുമായും പാകിസ്ഥാനുമായുള്ള യുദ്ധങ്ങളില്‍ സൈനികരുടെ രണ്ടാംനിരയെപ്പോലെ സ്വയംസേവകര്‍ നിലയുറപ്പിക്കുന്നത് പിന്നീട് കണ്ടു. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരാവകാശങ്ങള്‍ കവര്‍ന്നപ്പോള്‍ അതിനെതിരെ ധീരമായി പോരാടി സ്വാതന്ത്ര്യം വീണ്ടെടുത്തത് സ്വയംസേവകരായിരുന്നു. ഗുജറാത്തിലെ മോര്‍ബി അണക്കെട്ട് തകര്‍ന്ന് ആയിരങ്ങള്‍ മരിച്ചപ്പോഴും, ആന്ധ്രയിലെ ചുഴലിക്കാറ്റില്‍ ലക്ഷക്കണക്കിനാളുകള്‍ നിരാലംബരായപ്പോഴും, ജനലക്ഷങ്ങള്‍ ഭൂകമ്പങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും അകപ്പെട്ടപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന്റെ മഹാമാതൃകയായി ആര്‍എസ്എസിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.
പഞ്ചപരിവര്‍ത്തനത്തിന്റെ വിജയപഥങ്ങള്‍
ഗാന്ധിവധത്തെ തുടര്‍ന്നുള്ള രാഷ്‌ട്രീയപ്രേരിതമായ നിരോധനം നീങ്ങി നിരപരാധിത്വം തെളിയിക്കപ്പെടുകയും, അഭിമാനം വീണ്ടെടുക്കുകയും ചെയ്തതോടെ ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇതോടൊപ്പം ദേശീയ നവോത്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന നിരവധി സംഘടനകളും രൂപംകൊണ്ടു. ആദ്യം ഭാരതീയ ജനസംഘത്തിനും പിന്നീട് ബിജെപിക്കും ആശയപരമായ മാര്‍ഗദര്‍ശനം നല്‍കി ആര്‍എസ്എസ് നിലകൊണ്ടു. എബിവിപി, ബിഎംഎസ്, വനവാസി കല്യാണ്‍ ആശ്രമം എന്നിവയ്‌ക്കു പുറമെ വിവേകാനന്ദ കേന്ദ്രം, ഏകല്‍ വിദ്യാലയ്, സേവാഭാരതി, ഭാരതീയ കാഴ്ചപ്പാട് അനുസരിച്ചുള്ള ചരിത്ര രചന ലക്ഷ്യംവച്ചുള്ള ഇതിഹാസ് സങ്കലന്‍ സമിതി, കലയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കാര്‍ ഭാരതി എന്നീ സംഘടനകള്‍ രൂപം കൊണ്ടു. കേരളത്തിലെ തപസ്യ കലാസാഹിത്യ വേദി, ബാലഗോകുലം, ഭാരതീയ വിചാരകേന്ദ്രം എന്നിവയെപ്പോലുള്ള നിരവധി സംഘടനകള്‍ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷതകള്‍ ഉള്‍ക്കൊണ്ട് നിലവില്‍ വരികയും, സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി അംഗപരിമിതര്‍ അഥവാ ദിവ്യാംഗരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സക്ഷമ എന്ന സംഘടന രൂപംകൊണ്ടു.
മുഖ്യധാര രാഷ്‌ട്രീയത്തില്‍ നെഹ്‌റൂവിയന്‍ ചിന്താഗതിക്കാരായ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം പിന്‍പറ്റുന്ന ഇടതു പാര്‍ട്ടികളുടെയും പ്രസക്തി നഷ്ടപ്പെടുകയും ചെയ്തതിനൊപ്പം ഹിന്ദുത്വ രാഷ്‌ട്രീയം വേരുറപ്പിച്ചു. ഇക്കാര്യത്തില്‍ ആര്‍എസ്എസ് എന്ത് പങ്കാണ് വഹിച്ചതെന്ന് രാഷ്‌ട്രീയപ്രതിയോഗികളുടെ വിമര്‍ശനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അയോധ്യ പ്രക്ഷോഭം ജനകീയ മുന്നേറ്റമായിത്തീര്‍ന്ന് വിജയകരമായ പരിസമാപ്തിയിലെത്തുകയും, 140 കോടി ജനതയുടെയും അഭിമാനമായി രാമക്ഷേത്രം ഉയര്‍ന്നുവരികയും ചെയ്തു.
രാജ്യത്തെ ഏറ്റവും ശക്തമായ സാമൂഹ്യ- സാംസ്‌കാരിക സംഘടനയായി വളര്‍ന്ന ആര്‍എസ്എസ് 1980 കള്‍ മുതല്‍ ഒരു പ്രസ്ഥാനമായി മാറി. പതിറ്റാണ്ടുകളിലൂടെ സംഘടനാപരമായി നേടിയ ശക്തിയും സ്വാധീനവും സേവന മേഖലകളിലേക്കും ഗ്രാമവികാസത്തിലേക്കും വഴിതിരിച്ചുവിടാന്‍ ആര്‍എസ്എസ് സന്നദ്ധമായി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്വാശ്രയത്വം എന്നിങ്ങനെയുള്ള മേഖലകളില്‍ ദേശീയചിന്തയുടെ പ്രഭാവം അധികാധികം പ്രകടമാവുകയാണ്. ലോകത്തുവച്ചുതന്നെ മറ്റൊരു സംഘടനയ്‌ക്കും സാധ്യമാവാത്ത സ്ഥിരമായ വളര്‍ച്ചയാണ് ആര്‍എസ്എസ് കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ 70000 ലേറെ ഗ്രാമങ്ങളില്‍ ഇന്ന് ആര്‍എസ്എസ് പ്രവര്‍ത്തനമുണ്ട്. ശതാബ്ദി വര്‍ഷമായ 2025 ല്‍ ശാഖകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതോടൊപ്പം സാമൂഹ്യ സമരസത, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, മൂല്യാധിഷ്ഠിത കുടുംബ ജീവിതം, ഭാരതീയത്തനിമ വളര്‍ത്തല്‍, പൗരധര്‍മം പാലിക്കല്‍ എന്നിങ്ങനെയുള്ള പഞ്ചപരിവര്‍ത്തനം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ആര്‍എസ്എസ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വിജയം സുനിശ്ചിതമായ ഈ മുന്നേറ്റം ഭാരതത്തിന്റെയും ലോകത്തിന്റെ തന്നെയും യുഗപരിവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: