കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സി.പി.എം. പ്രവര്ത്തകന് മരിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.
സ്ഫോടനം നടന്നയുടനെ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഷിജാലിനെ കണ്ടെത്താന്‍ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമല്‍പേട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോര്ഡറില് വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറില്‍ ഉള്‍പ്പെടെ 12 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്.
ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമല്‍ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവര്ത്തകന് കരിപ്പന കാട്ടില്‍ മിഥുന് (31) എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ്, വിനീഷ് എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ജില്ല പൊലീസ് മേധാവി അജിത്ത് കുമാര്‍, കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാല്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: