കണ്ണൂര്‍: പാനൂര്‍ സ്ഫോടനം വടകര മണ്ഡലത്തിലുള്‍പ്പെടെ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ അഭിപ്രായഭിന്നത. വടകരയില്‍ ശൈലജയുടെ തെരഞ്ഞെടുപ്പ് സാധ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ് പാനൂര്‍ മൂളിയത്തോടിലെ സ്ഫോടനമെന്ന വിമര്‍ശനമാണ് ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്ന അഭിപ്രായം. കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി നേതൃത്വവും കണ്ണൂരില്‍ നടന്ന സ്ഫോടനത്തിനെതിരെ പാര്‍ട്ടിക്കകത്ത് പ്രതിഷേധം രേഖപ്പെടുത്തിയതായാണ് വിവരം.
വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ പി. ജയരാജനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബു നിര്‍മ്മാണെത്ത ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഏറെയും വിരല്‍ ചൂണ്ടുന്നത് പി. ജയരാജനിലേക്കാണ്. കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനം നടന്നത് കുപ്രചാരണമാണെന്ന് ജയരാജന്‍ പാനൂര്‍ പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയവും ചര്‍ച്ചയാകുന്ന വടകര മണ്ഡലത്തില്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണ് പാനൂരിലെ സ്ഫോടനം. ഇതിനിടെ സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന പ്രചാരണങ്ങളെ സ്വന്തം നിലയില്‍ പ്രതിരോധിച്ച് ശൈലജ രംഗത്തു വന്നു.
പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്‌ട്രീയ പശ്ചാത്തലം തെരയേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സഖാക്കളെ ന്യായീകരിക്കുകയും കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത നേതാക്കളുടെ നടപടിയില്‍ തനിക്കുള്ള അപ്രിയമാണ് ശൈലജ പറഞ്ഞതെന്നാണ് വിലയിരുത്തല്‍. സ്ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് ശൈലജക്കെതിരായ സാമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: