ചെറുധാന്യങ്ങളില്‍ ഭക്ഷ്യവിപണി തീര്‍ത്താണ് തൃപ്പൂണിത്തുറക്കാരി പ്രീത ഹരിദാസ് മാതൃകയാകുന്നത്. തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കദളി ഫുഡ് പ്രൊഡക്ട്സിന്റെ ഉടമ. സ്ത്രീകളെ സംരംഭകരാക്കി ഉയര്‍ത്തിയ പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം(പിഎംഇജിപി) ആണ് കൊച്ചിയിലെ മില്ലറ്റ് ഉത്പാദനകേന്ദ്രമെന്ന ബ്രാന്‍ഡിലേക്ക് പ്രീതയെ കൈപിടിച്ചുകയറ്റിയത്.
കൊവിഡ് കാലത്താണ് തുടക്കം. ഒന്നും ചെയ്യാന്‍ സാധിക്കാതെ വീടിനകത്ത് ഒതുങ്ങിക്കൂടേണ്ടിവന്ന കാലത്താണ് പ്രീത പുതിയ വഴി തേടിയത്. പ്രായമായ അച്ഛനമ്മമാര്‍ ഉള്ളതിനാല്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന സ്ഥിര വരുമാനം കണ്ടെത്താവുന്ന ജോലി. അങ്ങനെയാണ് മില്ലറ്റ്സുകള്‍ കൊണ്ടുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനയൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്.
സംരംഭത്തിന് ആവശ്യം മൂലധനമാണ്. മുന്മാധ്യമ പ്രവര്‍ത്തക കൂടിയായ പ്രീതയ്ക്ക് പിഎംഇജിപിയെ കുറിച്ച് അറിവുണ്ടായിരുന്നു. പിന്നെ ആ വഴിക്കായി പരിശ്രമം. അപേക്ഷിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പ റെഡിയായി. വീടിനോട് ചേര്‍ന്നുതന്നെ യൂണിറ്റിന് തുടക്കമിട്ടു. മില്ലറ്റുകള് ഇവിടെ കൃഷി ഇല്ലാത്തതിനാല്‍ തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട്് സംഭരിച്ചാണ് തുടങ്ങിയത്. ഒപ്പം വീട്ടാവശ്യങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പൊടി മസാലകളുടേയും നിര്‍മിച്ചു തുടങ്ങി.
തുടക്കത്തില്‍ വിപണി കണ്ടെത്തുന്നതിന് നേരിട്ട പ്രയാസം സമൂഹ മാധ്യമങ്ങളുടെ പിന്തുണയോടെ മറികടന്നു. കറി മസാലകള്‍ മുതല്‍ മില്ലറ്റ്സിന്റെ കഞ്ഞി, പുട്ടുപൊടി, ദോശ മിക്സ്ചര്‍ തുടങ്ങിയവയെല്ലാം ഇവിടെ കിട്ടും. നല്ല ഭക്ഷണം നല്ല ആരോഗ്യം നല്‍കും. 100 ശതമാനവും മായമില്ലാത്തതാണ് ഉത്പന്നങ്ങള്‍. പ്രിസര്‍വേറ്റീവ്സ് ഒന്നും ചേര്‍ക്കാതെയാണ് പ്രീതയുടെ ഓരോ വിഭവങ്ങളും. ഇന്ന് എറണാകുളത്തെ പല റസ്റ്റോറന്റുകളിലും സ്കൂളുകളിലുമെല്ലാം കദളീ ഫുഡ് പ്രൊഡക്ടസുകള് വില്‍ക്കുന്നുണ്ട്.
മള്‍ട്ടീമീഡിയ ബിരുദധാരിയാണ് പ്രീത. അദ്ധ്യാപികയായും പരസ്യമേഖലയിലും ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് വന്നത്. കുറഞ്ഞ പലിശയില്‍ ഒരു ഈടുമില്ലാതെ വായ്പ പണ്ടൊരു സ്വപ്നമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വായ്പാ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ജീവിതം പടുത്തുയര്ത്താനായിട്ടുണ്ട്. എനിക്കും സ്വന്തമായി ഒരു സ്ഥാപനവും അതില്‍ നിന്നും മികച്ച വരുമാനവും നേടാന്‍ സാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഉപകാരങ്ങളായ പദ്ധതികള്‍ ഇനിയും കൊണ്ടുവരണം. അത് യുവതലമുറയെ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ദാതാവ് എന്ന നിലയിലേക്ക് മാറ്റും. പ്രീത പറഞ്ഞു. അജിത് കുമാറാണ് പ്രീതയുടെ ഭര്‍ത്താവ്. ഋത്വിക് മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: