മലപ്പുറം: ഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബുകള്‍ ഉപയോഗിക്കുന്നത് ഭീകരവാദികളാണ്. എന്നാല്‍ കേരളത്തില്‍ ബോംബുകള്‍ നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും സിപിഎമ്മുകാരാണ്. ബോംബ് നിര്‍മിച്ചയാളെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് വിശേഷിപ്പിച്ചത് ഇരയെന്ന വാക്കാണ്. ഇത് സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു. നിരോധിച്ച ഭീകരസംഘടനയായ പിഎഫ്ഐയുടെ മറ്റൊരു രൂപമായ എസ്ഡിപിഐയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎക്ക് കേരളത്തില്‍ നിലവില്‍ അഞ്ച് സീറ്റ് ഉറപ്പാണ്. അത് വര്‍ധിപ്പിക്കാനുള്ള ശ്രമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 30 വര്‍ഷം കോണ്‍ഗ്രസും 35 വര്‍ഷം സിപിഎമ്മും ബംഗാള്‍ ഭരിച്ചു. ഇന്ന് രണ്ട് പേര്‍ക്കും ഒരു എംഎല്‍എ പോലും ബംഗാളില്‍ ഇല്ല. ഇത് കേരളത്തിലും ആവര്‍ത്തിക്കും. ഇക്കുറി കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദാരിദ്ര്യം സൃഷ്ടിക്കുമ്പോള്‍ മോദി സബ്കാ സാത്ത് സബ്കാ വികാസ് എന്ന മന്ത്രത്തില്‍ ഊന്നി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയാണ് ചെയ്യുന്നത്. വിഴിഞ്ഞം ടെര്‍മിനല്‍, കൊച്ചിയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇവ രണ്ടും വലിയ പദ്ധതികളാണ്. ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതയാണ് തുറക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 250 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിനുണ്ടായത്. ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ഇപ്പോള്‍ അഞ്ചാം സാമ്പത്തിക ശക്തിയാണ്. വരും വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.
ടൂറിസം മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരസ്യവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുമ്പോഴും സഞ്ചാരികളെ നിരാശപ്പെടുത്തും വിധമാണ് ടൂറിസം മേഖലയിലെ പ്രവര്‍ത്തനം. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിങ്ങളെ വോട്ട് ബാങ്കായാണ് കാണുന്നത്.
എന്നാല്‍ മോദി സര്‍ക്കാര്‍ ഒരു വിഭാഗത്തോടും ഒരു വിവേചനവും കാണിച്ചിട്ടില്ല. 28 ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് 35 ശതമാനവും 18 ശതമാനമുള്ള ക്രിസ്ത്യന്‍ സമുദായത്തിന് 22 ശതമാനവും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: