കോയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്‌നാട്ടിലെത്തുമെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഇന്ന് ചെന്നൈയിലും നാളെ കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തും അദ്ദേഹം പ്രചാരണറാലികളില്‍ സംസാരിക്കും. 12ന് ശേഷം വീണ്ടും പ്രധാനമന്ത്രിയെത്തുമെന്നും വിരുദുനഗര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ സംസാരിക്കുമെന്നും അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മോദി അടിക്കടി തമിഴ്‌നാട്ടിലെത്തുന്നത് മുഖ്യമന്ത്രി സ്റ്റാലിന് സഹിക്കുന്നില്ല. തമിഴകം ഭാരതത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയായതിന് ശേഷം സ്റ്റാലിന്‍ എത്ര തവണ ഗ്രാമങ്ങളില്‍ പോയി. സ്‌പെയിന്‍, ഇംഗ്ലണ്ട്, ദുബായ് എന്നിവിടങ്ങളിലൊക്കെ പോകുന്ന സ്റ്റാലിന്‍ ഇവിടുത്തെ ഗ്രാമങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്ന് അണ്ണാമലൈ പറഞ്ഞു. ചെന്നൈയില്‍ പിടിച്ചെടുത്ത നാലുകോടി രൂപയുടെ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് അവര്‍ ആരോപിക്കുന്നു. ബന്ധപ്പെട്ടവര്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെ. പോലീസ് വരുമ്പോള്‍ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവി വീട്ടില്‍നിന്നിറങ്ങിയോടുന്ന മോഷ്ടാവിനെപ്പോലെയാണ് ഡിഎംകെ. വോട്ടിന് സ്വര്‍ണവും പണവും വിതരണം ചെയ്യുന്നവരാണ് ഡിഎംകെക്കാര്‍. ഇത്തവണ സ്വര്‍ണമഴ പെയ്യിച്ചാലും ജനങ്ങള്‍ ബിജെപിക്കേ വോട്ട് ചെയ്യൂ, അണ്ണാമലൈ പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ കളിസ്ഥലം ഒരുക്കുമെന്ന് ബിജെപി ജനങ്ങള്‍ക്ക് വാക്ക് നല്കിയിട്ടുണ്ട്. അതുകേട്ട് നാലായിരം കോടി മുടക്കി കോയമ്പത്തൂരില്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം പണിയുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ പറയുന്നത്. ആദ്യം കോയമ്പത്തൂരിലെ കുഴികള്‍ നിറഞ്ഞ റോഡുകള്‍ നന്നാക്കാനാണ് സ്റ്റാലിന്‍സര്‍ക്കാര്‍ തയാറാകേണ്ടത്.
ഡിഎംകെ ഒരു കോര്‍പ്പറേറ്റ് കമ്പനിയാണ്. കഴിഞ്ഞ തവണ 511 വാഗ്ദാനങ്ങളാണ് അവര്‍ നല്കിയത്. 20 എണ്ണം പോലും നടപ്പാക്കിയില്ല. ഇപ്പോള്‍ പുതിയ 512 എണ്ണം ചേര്‍ത്താണ് ജനങ്ങളോട് പ്രസംഗിക്കുന്നത്. ബിജെപി ജയിച്ചാല്‍ തലസ്ഥാനം നാഗ്പൂരാക്കുമെന്ന് കമല്‍ഹാസന്റെയൊക്കെ മാനസികനില പരിശോധിക്കണം. ഡിഎംകെയില്‍ നിന്ന് ഒരു രാജ്യസഭാ സീറ്റ് ലഭിക്കാന്‍ പാര്‍ട്ടിയെ വില്‍ക്കണോയെന്ന് കമല്‍ഹാസന്‍ തീരുമാനിക്കണം, അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: