ഭാരതഭൂമിയും ജനതയും സംസ്‌കാരവും അനശ്വരമായ ഒരു പാരമ്പര്യത്തിന്റെ കേദാരമാണെങ്കില്‍ അതിന്റെ സവിശേഷതകള്‍ എന്തെല്ലാമെന്നു ചിന്തിക്കുന്നത് പ്രസക്തമാണ്. നൂറു ശതമാനവും ആദ്ധ്യാത്മികം മാത്രമായിരുന്നു ഈ പാരമ്പര്യമെന്നും ഇവിടുത്തെ ആളുകള്‍ ഭൗതികപുരോഗതിയില്‍ തീരെ പരാങ്മുഖരായിരുന്നുവെന്നും പറയുന്നത് ചരിത്രസത്യമാവുകയില്ല. വൈദേശികമായ ഒട്ടനേകം ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനും ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പുവരെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ മാത്രമല്ല മറ്റു പലയിടങ്ങളിലും പടര്‍ന്നുപിടിച്ച ഒരു മഹാസാംസ്‌കാരിക സാമ്രാജ്യത്തെ സൃഷ്ടിക്കുവാനും ഈ രാജ്യത്തിനു കെല്‍പ്പുണ്ടായിരുന്നു.
അത്യുന്നതങ്ങളായ ആദ്ധ്യാത്മികദര്‍ശനങ്ങളോടൊപ്പം സംഗീതസാഹിത്യശില്‍പാദി കലകളും ഒട്ടുവളരെ ഭൗതികശാസ്ത്രങ്ങളും യുദ്ധശാസ്ത്രവും എന്തിനേറെ ഭോഗശാസ്ത്രംപോലും ഇവിടെ ചില ഘട്ടങ്ങളില്‍ അത്ഭുതാവഹമായ വികാസം പ്രാപിച്ചിരുന്നു. ഭൗതികാവശ്യങ്ങളെ ഭാരതം നിരാകരിച്ചുവെന്നു പറയുന്നതിനു പകരം ഐഹികമായ ഉല്‍ക്കര്‍ഷവും കുറച്ചുകൂടി മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള നിശ്രേയസാഭ്യുന്നതിയും സമഞ്ജസമായി സമ്മേളിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയാണ് ഇവിടെ ആവിഷ്‌കരിക്കപ്പെട്ടതെന്നു പറയുന്നതായിരിക്കും ശരി. മനുഷ്യവര്‍ഗ്ഗത്തിന്റെ സനാതനലക്ഷ്യങ്ങളായി ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളാകുന്ന ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളെയാണല്ലോ ഇവിടെ അംഗീകരിച്ചിരിക്കുന്നത്.
സനാതനമായ പ്രാപഞ്ചികനിയമങ്ങള്‍ക്കനുസൃതമായ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍തന്നെ അര്‍ത്ഥകാമങ്ങളെ ഭുജിച്ച് പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിലേക്കു നീങ്ങണമെന്നു തന്നെയായിരുന്നു ഭാരതമതം. അതിനനുസൃതമായ വ്യവസ്ഥയായിരുന്നു ഇവിടെ ആവിഷ്‌കരിക്കപ്പെട്ടത്. ഭാരതീയജീവിതത്തിന്റെ ഈ പ്രവാഹദിശ മനസ്സിലാക്കിയാല്‍ മനുഷ്യനില്‍നിന്നും വികാസം പ്രാപിച്ച ഈശ്വരാവസ്ഥയെന്ന മോക്ഷപദവിയുടെ അനുഭൂതിയാണ് വ്യക്തിയുടേയും ജീവിതത്തിന്റേയും അന്തിമലക്ഷ്യമായി അംഗീകരിച്ചിരുന്നത് എന്നു കാണാന്‍ കഴിയും. ഭാരതീയ ജീവിതം ഈ കേന്ദ്രബിന്ദുവിനു ചുറ്റുമായിട്ടാണ് കറങ്ങിയിരുന്നതെന്നും ഇനിയും ഇതിനു ചുറ്റുമായിതന്നെയാണ് അതിശക്തമായി കറങ്ങാന്‍ പോകുന്നതെന്നും സൂക്ഷ്മദൃക്കുകള്‍ക്ക് മനസ്സിലാക്കാന്‍ വിഷമമില്ല. ഈ മൗലികപ്രേരണയെ തിരസ്‌കരിക്കുന്ന വൈദേശികമതങ്ങളും വൈദേശിക ആശയങ്ങളും ഏറെക്കാലം യത്‌നിച്ചിട്ടും ഇവിടെ വേരൂന്നിയിട്ടില്ലെന്ന് തത്തദാശയങ്ങളുടെ പ്രയോക്താക്കള്‍തന്നെ സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്. ഭാരതീയ ജീവിതത്തിന്റെ സാംസ്‌കാരികവും ശാസ്ത്രീയവും കലാപരവും സാമൂഹ്യവും ഭരണപരവും രാഷ്‌ട്രീയവും മറ്റേതു വിധത്തിലുള്ളതുമായ എല്ലാ പ്രസ്ഥാനങ്ങളും പ്രചോദനം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും അന്നും ഇന്നും ഈ കേന്ദ്രബിന്ദുവിനെ ആധാരമാക്കിത്തന്നെയാണ.് സിനിമാഗാനങ്ങളില്‍പ്പോലും ഇതിന്റെ പ്രതീകാത്മകതത്ത്വം ശക്തമായി പ്രതിധ്വനിക്കുന്നത് ഇന്നും നമുക്കു കേള്‍ക്കാന്‍ കഴിയും. നമ്മെ സംബന്ധിച്ചിടത്തോളം ഇതു വെറും ഒരു തത്ത്വശാസ്ത്രമോ ദര്‍ശനമോ അല്ല. പ്രത്യുത, ജീവിതത്തിന്റെ അഗാധതലങ്ങളില്‍പ്പോലും ശക്തമായ ചലനങ്ങളെ സൃഷ്ടിച്ച്ു സമൂഹത്തിന് ഊര്‍ജ്ജസ്വലമായൊരു മാര്‍ഗദര്‍ശനം കൊടുക്കുവാന്‍ കെല്‍പ്പുള്ള ചൈതന്യാത്മകമായ വിചാരധാരകൂടിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: