കിളിമാനൂര്‍: കിളിമാനൂരില്‍ 35 ഓളം പട്ടികജാതി കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ കിളിമാനൂര്‍ ശ്രീലക്ഷ്മി ആഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമത്തിലാണ് 35 ഓളം പട്ടികജാതി കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ എത്തിയവരെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന് സ്വീകരിച്ചു.
കുടുംബസംഗമം വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് വി. മുരളീധരന് പറഞ്ഞു. ദളിത് സഹോദരന്മാര്ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി വന്ന ശേഷമാണ്. മോദിക്ക് ദാരിദ്ര്യം എന്താണ് എന്ന് പുസ്തകം നോക്കി പഠിക്കേണ്ടതില്ല. ദളിത് ക്ഷേമം വാക്കില്‍ മാത്രമായി ഉണ്ടാകേണ്ട കാര്യമല്ല. എല്ലാവര്ക്കും എല്ലാം കൃത്യതയോടെ എത്തുമ്പോഴാണ് സാമൂഹ്യനീതി ഉറപ്പാകുന്നത്. ദളിതുകള്‍ എന്നും തൊഴിലാളി മാത്രമായി ഒതുങ്ങേണ്ടവരല്ല, തൊഴിലുടമകള്‍ കൂടി അവരാകണം.
ജോലി ചെയ്യുന്നവര്‍ എന്നതില്‍ നിന്നും ജോലി നല്കുന്നവര് എന്നതിലേക്ക് അവരെത്തണം. പ്രസംഗങ്ങളിലൂടെ വോട്ട് കിട്ടാന്‍ വേണ്ടി ദളിത് പ്രേമം പറയുന്ന ആളല്ല മോദി. ദളിതരെയും നെഞ്ചോട് ചേര്‍ത്ത നേതാവാണ് നരേന്ദ്രമോദി. അതി ദരിദ്രരില്‍ കേരളത്തില്‍ വളരെ കൂടുതല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരാണ്. നരേന്ദ്രമോദി സര്‍ക്കാരില്‍ 12 മന്ത്രിമാര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുണ്ട്. ഭരണത്തില്‍ കൂടി ആ വിഭാഗത്തിന് പങ്കാളിത്തം ഉണ്ടാകുമ്പോഴാണ് അവരുടേതായ പ്രശ്നങ്ങള്‍ കൃത്യതയോടെ പരിഹരിക്കപ്പെടുന്നത്.
സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതന് വരാന്‍ എത്രയോ വര്‍ഷം കാത്തിരിക്കേണ്ടി വന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ദളിത് വിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്നും വി. മുരളീധരന് പറഞ്ഞു. കാനാറ വിനോദ് വാവ അധ്യക്ഷനായിരുന്നു. അനുരാജ് ഓമന, അനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: