തൃശ്ശൂര്‍: കള്ളപ്പണ ഇടപാട് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരിശോധന വ്യാപിപ്പിക്കാന്‍ ആദായനികുതി വകുപ്പ്. പാര്‍ട്ടിയുടെ 10 വര്‍ഷത്തെ പണ ഇടപാടാണ് പരിശോധിക്കുക.
ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സിപിഎമ്മിന്റെ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി വകുപ്പിന്റെ പുതിയ നീക്കം. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
പാര്‍ട്ടിയുടെ പൊതുമേഖലാ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമുള്ള അക്കൗണ്ടുകള്‍ പരിശോധിക്കും. ജില്ലാ കമ്മിറ്റി ഓഫീസിന്റെ സമീപമുള്ള ബാങ്ക് ശാഖയില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ ഇടപാട് നടന്നതായി കണ്ടെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചതായും തെളിഞ്ഞു. ഏപ്രില്‍ രണ്ടിനാണ് പണം പിന്‍വലിച്ചത്. ഈ പണം ഉപയോഗിക്കരുതെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ 95 ലക്ഷം രൂപ മാത്രമേ ചെലവാക്കാന്‍ കഴിയൂ. എന്നാല്‍ തെര. വിജ്ഞാപനം വന്ന ശേഷം ഒരു കോടി രൂപ പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ട്.
പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് വ്യക്തമായതിനെതുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്. പാര്‍ട്ടിക്ക് ജില്ലയില്‍ 81 അക്കൗണ്ടുകള്‍ ഉള്ളതായാണ് വിവരം. തട്ടിപ്പ് നടന്ന കരുവന്നൂരിലും അഞ്ച് രഹസ്യ അക്കൗണ്ട് സിപിഎമ്മിനുണ്ട്. ഇതിന്റെ വിശദാംശം ഇ ഡി കേന്ദ്ര തെര. കമ്മിഷനും ആദായനികുതി വകുപ്പിനും കൈമാറി. അതിനിടെ മരവിപ്പിച്ച അക്കൗണ്ടിന്റെ വിവരങ്ങള്‍ തെര. കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ബിജെപിയും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് നടത്തുന്ന നീക്കത്തിന്റെ ഫലമായാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ജില്ലാ കമ്മിറ്റി കണ്‍വീനര്‍ കെ.വി. അബ്ദുല്‍ ഖാദര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: