കണ്ണൂര്‍ പാനൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ബോംബു നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി ഒരു സിപിഎമ്മുകാരന് മരിക്കുകയും, നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ പതിവുപോലെ നുണയുടെ പെരുമ്പറ മുഴക്കി പ്രതിരോധിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടി അനുഭാവിക്ക് ലൈഫ് പദ്ധതി പ്രകാരം ലഭിച്ച പണിതീരാത്ത വീട് കയ്യേറിയാണ് സിപിഎമ്മുകാരായ പത്ത് പേര് ചേര്‍ന്ന് ബോംബുനിര്‍മാണം തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവര്‍ സിപിഎമ്മുകാരാണെന്നു മാത്രമല്ല നിരവധി കേസുകളില്‍ പ്രതികളുമാണ്. പാര്‍ട്ടിക്കുവേണ്ടി ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലാണിത്. ബോംബു നിര്‍മാണം നടക്കുന്നതായി രണ്ട് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും പോലീസ് അത് അവഗണിച്ചത് പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരമാണെന്ന് വ്യക്തം. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും, സംഭവം ഒരു തരത്തിലും മറയ്ക്കാന്‍ കഴിയാതാവുകയും ചെയ്തതോടെ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന നുണപ്രചാരണവുമായി സിപിഎം നേതാക്കള്‍ രംഗത്തുവരികയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റാണ് സഖാവ് മരിക്കാനിടയായതെന്നാണ് സിപിഎം ചാനല്‍ റിപ്പോര്‍ട്ടു ചെയ്തത്. പാര്‍ട്ടിയുടെ ബന്ധത്തിനു തെളിവാണിത്. ബോംബു സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും, പാര്‍ട്ടി സഖാക്കളെ ആക്രമിച്ച കേസില്‍ പ്രതികളാണ് ബോംബു നിര്‍മിച്ചതെന്നുമുള്ള കള്ളക്കഥയുമായി യാതൊരു ഉളുപ്പമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പാര്‍ട്ടി നേതാക്കള്‍ കൊല്ലപ്പെട്ട പ്രതിയുടെ വീട് സന്ദര്‍ശിച്ച് അനുതാപം പ്രകടിപ്പിക്കുകയും, മാധ്യമങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് വീട്ടുകാരെ പഠിപ്പിക്കുകയും ചെയ്തു.
സിപിഎം പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണ് നുണപ്രചാരണവും. ഇക്കാര്യത്തില്‍ നട്ടുച്ചക്കിരുട്ടാണെന്നു വരുത്താന്‍ സിപിഎമ്മിന്റെ എത്ര വലിയ നേതാവിനും മടിയില്ല. ഒരു വിഷുക്കാലത്ത് കണ്ണൂരില്‍ ബോംബുസ്ഫോടനമുണ്ടായപ്പോള് അത് സഖാക്കള്‍ വിഷുവിന് പൊട്ടിക്കാന്‍ വാങ്ങിവച്ച പടക്കമായിരുന്നുവെന്ന് പറഞ്ഞത് മുഖ്യമന്ത്രിയായ ഇ.കെ. നായനാരാണ്. പാനൂരില്‍ ബോംബു നിര്‍മിക്കുന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ആഭ്യന്തരമന്ത്രികൂടിയായ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നതും നായനാരുടെ പിന്‍ഗാമിയെന്ന നിലയ്ക്കാണ്. ടി.പി.ചന്ദ്രശേഖരനെ അന്‍പത്തിയൊന്ന് വെട്ടിലൂടെ കൊലപ്പെടുത്തിയിട്ട് അത് ചെയ്തത് ഇസ്ലാമിക ഭീകരവാദികളാണെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞയാളാണ് പിണറായി വിജയന്. ടിപി കൊലക്കേസില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതികളായപ്പോഴും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന പച്ചക്കള്ളം സിപിഎം പ്രചരിപ്പിച്ചു. ഇതേ പ്രതികള്‍ക്കുവേണ്ടി വക്കീലിനെവച്ച് വാദിച്ചതും, ശിക്ഷിക്കപ്പെട്ടപ്പോള്‍ ജയിലില്‍ സുഖസൗകര്യങ്ങളൊരുക്കിയതും സിപിഎമ്മാണ്. ടിപി കേസിലെ സിപിഎമ്മുകാരായ പ്രതികളുടെ വീട്ടില്‍ കല്യാണം ആഘോഷിക്കാനും സിപിഎം നേതാക്കള്‍ പോവുകയുണ്ടായി. പച്ചനുണകള്‍ ഉത്തമബോധ്യത്തോടെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിവുള്ളവരാണ് സിപിഎമ്മിന്റെ ഒട്ടുമിക്ക നേതാക്കളും. പാര്‍ട്ടിയിലെ മാന്യന്മാരെന്നു കരുതുന്നവരും ഈ അധമവൃത്തി ചെയ്യാന്‍ മടിയുള്ളവരല്ല. പാനൂരിലെ ബോംബു സ്ഫോടനത്തിന്റെ കാര്യത്തിലും ഇതിന്റെ തനിയാവര്‍ത്തനമാണ് കാണുന്നത്.
അക്രമരാഷ്ട്രീയം സിപിഎമ്മിന് പാര്‍ട്ടി പ്രവര്‍ത്തനമാണ്. നിരവധി പേര് കൊല്ലപ്പെടുകയും, ചിലപ്പോള്‍ പാര്‍ട്ടിക്കാര്‍തന്നെ ഇതിന്റെ ഇരകളാവുകയും ചെയ്തിട്ടും അക്രമരാഷ്ട്രീയം സിപിഎം കയ്യൊഴിയാത്തതിന്റെ കാരണമിതാണ്. ആശയസമരങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടി സംഭവിക്കുകയും, പാര്‍ട്ടിയുടെ ആധിപത്യം വെല്ലുവിളിക്കപ്പെടുകയും ചെയ്യുമ്പോഴൊക്കെ സിപിഎം അക്രമരാഷ്ട്രീയം കെട്ടഴിച്ചുവിടും. അടിയന്തരാവസ്ഥയെ തുടര്‍ന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആര്‍എസ്എസിലേക്ക് നീങ്ങുമെന്നായതോടെ സിപിഎം വ്യാപകമായ അക്രമം നടത്തുകയുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ സിപിഎം പല കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതും വെറുപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്താനാണ്. സിപിഎം പ്രവര്‍ത്തകര്‍ മറ്റുള്ളവരുമായി അടുത്തിടപഴകിയാല്‍ പാര്‍ട്ടി വിടുമെന്ന് സിപിഎം നേതൃത്വം ഭയക്കുന്നു. എം.വി.രാഘവന്റെ കൂടെ അണികള്‍ പോകുമെന്നായപ്പോള്‍ പാര്‍ട്ടിക്കാരോട് ആയുധമെടുക്കാന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ ആഹ്വാനം ചെയ്യുകയുണ്ടായല്ലോ. ഇപ്പോഴത്തെ ബോംബുനിര്‍മാണം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുതന്നെയായിരുന്നുവെന്ന് വ്യക്തം. തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഫോടനം സൃഷ്ടിച്ച് ജനങ്ങളില്‍ ഭീതി വളര്‍ത്തുക. അവരെ വോട്ടു ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുക. ഇതിനുവേണ്ടി വന്‍തോതിലുള്ള ബോംബുനിര്മാണമാണ് നടന്നത്. പ്രതികള്‍ നല്കിയ വിവരമനുസരിച്ച് നിരവധി ബോംബുകള്‍ പിടിച്ചെടുത്തത് ഇതിന് തെളിവാണ്. സിപിഎമ്മിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇതിനുപിന്നിലുണ്ട്. എന്തായാലും വലിയൊരു ദുരന്തം ഒഴിഞ്ഞുപോയെന്ന് സമാധാനിക്കാം. ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ പിടികൂടണം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കനത്ത ജാഗ്രത പുലര്‍ത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: