ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്ത് കര്‍ഷകരുടെ പേരില്‍ വിലപിക്കുന്ന ഇടതുവലതു മുന്നണി സര്‍ക്കാരുകളാണ് സ്വപ്നപദ്ധതിയായ ഒന്നാം കുട്ടനാട് പാക്കേജിനെ തകര്‍ത്തത്. മൂന്നിലൊന്ന് ചെലവ് കേന്ദ്രം വഹിക്കുന്ന പദ്ധതിയുടെ ഏകോപനത്തിലും നടത്തിപ്പിലും മാറിമാറി ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി പദ്ധതി അവസാനിക്കില്ലായിരുന്നു. ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളും കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പത്തംതിട്ടയിലെ തിരുവല്ല താലൂക്കുകള്‍ ചേര്‍ന്ന വിശാല കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കുട്ടനാട് പാക്കേജ് 2008ലാണ് എം.എസ് സ്വാമിനാഥന് അധ്യക്ഷനായ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചത്.
തൊട്ടടുത്തവര്‍ഷം ഇതിന് അംഗീകാരം കിട്ടി. 2010ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് പാക്കേജ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ മുന്‍ഗണനാ ക്രമം തെറ്റിച്ച് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതോടെ തന്നെ പദ്ധതി പാളി. 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടന്നില്ല, വ്യാപകമായി അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. 1840 കോടി രൂപയുടേതായിരുന്നു കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പാക്കേജ്.
പാക്കേജിലെ 15 ഇന പരിപാടികളില്‍ ജലവിസ്തൃതിയിലുണ്ടാകുന്ന കുറവ് നിയന്ത്രിക്കുക, വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണം, കനാലുകളുടെ ആഴംകൂട്ടി എക്കല്‍നീക്കി നീരൊഴുക്ക് സുഗമമാക്കല്‍, പ്രധാന റോഡുകള്‍ തൂണുകളില്‍ നിര്‍മിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് തോട്ടപ്പള്ളി സ്പില്‍വേയും കനാലുകളും ശക്തിപ്പെടുത്തുക, ഷട്ടര്‍ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണം, പാടശേഖര ബണ്ടുകള്‍ വീതി ബലപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. കാലാവധി പല തവണ നീട്ടി നല്‍കിയെങ്കിലും 2013 ഓടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. രണ്ടാം പാക്കേജ് എന്ന പേരില്‍ ചില പ്രഖ്യാപനങ്ങള്‍ പിണറായി സര്‍ക്കാര്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ല. ഫണ്ട് അനുവദിക്കാതെ പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: