ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് ബിജെപി. ദല്‍ഹി സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഇന്നലെ കൊണോട്ട് പ്ലേസില്‍ ധര്‍ണ നടത്തി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ധര്‍ണ ഉദ്ഘാടനം ചെയ്തു. ആപ്പ് അഴിമതി പാര്‍ട്ടിയാണെന്നും ദല്‍ഹി നിവാസികളെ വഞ്ചിക്കുകയാണെന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. ജയിലില്‍ കിടന്നുള്ള കേജ്രിവാളിന്റെ ഭരണം ജനങ്ങളോട് കാട്ടുന്ന അനീതിയാണ്. കേജ്രിവാള് ദല്‍ഹിയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും അടിത്തറയില്‍ അധിഷ്ഠിതമായ കേജ്രിവാള് സര്‍ക്കാരിനോട് ദല്‍ഹിയിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല. നുണകളുടെ മുഖംമൂടി ധരിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണ് കേജ്രിവാള് എന്നും അദ്ദേഹം പറഞ്ഞു. ബന്‍സുരി സ്വരാജ് അടക്കമുള്ള ബിജെപി സ്ഥാനാര്‍ത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമായി.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് മോടിപിടിപ്പിച്ച കേജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ മാതൃകയ്ക്ക് മുന്നില്‍ നിന്നുള്ള സെല്‍ഫിയെടുക്കല്‍ കാമ്പയിനും ബിജെപി ഇന്നലെ തുടക്കമിട്ടു. മദ്യകുംഭകോണവും പൊതുജനങ്ങളുടെ നികുതിപ്പണവും ഉപയോഗിച്ചാണ് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു.
അരവിന്ദ് കേജ്രിവാള് എങ്ങനെ അഴിമതി നടത്തിയെന്നാണ് ഈ സെല്‍ഫി കാമ്പയിനിലൂടെ ജനങ്ങളെ കാണിക്കുന്നതെന്ന് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. ദല്‍ഹിയിലെ ജനങ്ങളെ കൊള്ളയടിച്ചാണ് ഇത്രവലിയ കൊട്ടാരം കേജ്രിവാള് നിര്‍മിച്ചത്. ദല്ഹിയിലെത്തുന്നവര്ക്ക് ചെങ്കോട്ട, കുത്തബ്മിനാര്‍ തുടങ്ങിയവ കാണാനാകും. പക്ഷേ മുഖ്യമന്ത്രിയുടെ കൊട്ടാരത്തിനുള്ളില്‍ കയറാന്‍ കഴിയാത്തതിനാല്‍ അവിടെ നടത്തിയ അഴിമതി കാണാന്‍ കഴിയില്ല. ദല്‍ഹിയിലെ അഴിമതിയുടെ കഥയാണ് ഈ സെല്‍ഫി കാമ്പയിനിലൂടെ പൂറത്തുകൊണ്ടുവരുന്നതെന്നും സച്ച്ദേവ പറഞ്ഞു. കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആപ്പ് ഇന്നലെ രാജ്യവ്യാപകമായി ഉപവാസസമരം സംഘടിപ്പിച്ചു. രാജ്യത്തിനുപുറത്തും ഉപവാസം സംഘടിപ്പിച്ചതായി ആപ്പ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: