കരമുണ്ടും കോട്ടണ്‍ ഷര്‍ട്ടുമാണ് പണ്ടേ എനിക്കിഷ്ടപ്പെട്ട വേഷം. സര്‍വീസില്‍നിന്ന് പിരിഞ്ഞുവന്ന ആ ദിവസം, എന്റെ ശേഖരത്തിലുണ്ടായിരുന്ന പാന്റുകളത്രയും ഞാന്‍ ഒന്നൊന്നായി മടക്കി ഒരു സൂട്ട്കേസില്‍വെച്ച് കട്ടിലിന്നടിയിലേക്ക് നീക്കിവെച്ചു.
വീട്ടിനു പുറത്തുപോകുമ്പോഴും, യാത്രാവേളകളിലും, ഞാന്‍ വെള്ളമുണ്ടും കോടിമായാത്ത മുണ്ടും മാറിമാറി ഉടുത്തു. അമ്പലങ്ങളില്‍ പോകുമ്പോഴും വിവാഹാവസരങ്ങളിലും മാത്രം കസവുമുണ്ടു ധരിച്ചു.
ബെംഗളൂരു സിറ്റിയില്‍ കറങ്ങുമ്പോഴും ഞാന്‍ മുണ്ടിനെ കൈവിട്ടില്ല. മകനും കുടുംബവും ബെംഗളൂരുവിലായതിനാല്‍ ഞാനും ശ്രീമതിയും വല്ലപ്പോഴും അവിടേക്ക് വണ്ടികേറി. അവിടെയാരും ഈ മുണ്ടുധാരിയെ ശ്രദ്ധിക്കുന്നതായെനിക്കു തോന്നിയില്ല. അല്ലെങ്കില്‍, ആര്‍ക്കാണിതിനൊക്കെ നേരം!
ചെന്നൈ നഗരത്തില്‍ വണ്ടിയിറങ്ങിയപ്പോഴും ഞാന്‍ മുണ്ടിനെ കൂടെക്കൂട്ടി. തമിഴന്മാരാകട്ടെ, അവരിലൊരാളായി മാത്രം എന്നെക്കണ്ടു.
സര്‍വീസിലുണ്ടായിരുന്ന മുപ്പത്താറുവര്‍ഷവും ഞാന്‍ പാന്റിനകത്ത് അസ്വതന്ത്രനായിരുന്നു. ആ തടവറയില്‍നിന്നു പുറത്തുകടന്നപ്പോള്‍, ആഹാ, എന്തൊരാശ്വാസം! മുണ്ടു മടക്കിക്കുത്തിനടക്കുമ്പോള്‍ എന്തെന്നില്ലാത്തൊരു സുഖം.
പണ്ടെന്നെ പഠിപ്പിച്ച സാറമ്മാരെക്കാണുമ്പൊഴോ, മടക്കിക്കുത്തഴിച്ചു ബഹുമാനം കാണിക്കാനും സൗകര്യം. മഴ തിമര്‍ത്തുപെയ്യും കാലങ്ങളില്‍ കുടയുംപിടിച്ചുകൊണ്ട് പു
റത്തിറങ്ങേണ്ടി വരുമ്പോള്‍, മുണ്ടു മടക്കിക്കുത്തി നോക്കൂ, മുണ്ടു നനയില്ല. ഉടുമുണ്ടില്‍ ചെളി തെറിക്കില്ല. ഇതില്‍കൂടുതലെന്തുവേണം!
യൂണിയന് ബാങ്കിന്റെ ഗുരുവായൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ടന്റായിരുന്ന കാലത്ത് ക്ഷേത്രഭണ്ഡാരം കൗണ്ടിങ്ങിന്റെ ഊഴം ആറുമാസത്തിലൊരിക്കല്‍ ഞങ്ങടെ ബ്രാഞ്ചിനു കിട്ടുന്നു. അക്കൗണ്ടന്റെന്ന നിലയ്ക്ക് കൗണ്ടിങ്ങിന്റെ അമരത്ത് ഞാനായിരുന്നു, എപ്പോഴും. മറ്റു ബ്രാഞ്ചുകളില്‍നിന്നെത്തിയ കൗണ്ടന്മാരോടൊപ്പം, ഷര്‍ട്ടും പാന്റും ബ്രാഞ്ചിന്റെ സ്റ്റോര്‍മുറിയിലഴിച്ചുമടക്കിവെച്ച്, കസവുമുണ്ടുടുത്ത്്, കസവിന്റെ മേല്‍മുണ്ടു പുതച്ച് നാലമ്പലത്തില്‍ കയറി.
കൂമനുണ്ടു കൂമത്തിയുണ്ടു
കൂമന്റെ മക്കളു പത്താളുണ്ടു
പന്ത്രണ്ടാന പടിഞ്ഞിരുന്നുണ്ടു
പിന്നേം കെടക്കുണു കട്ടച്ചോറ്’
എന്ന് പഴമ്പാട്ടില്‍ പറയുന്നപോലെ, പത്തും പന്ത്രണ്ടും ദിവസം, പ്രഭാതം തൊട്ടു പ്രദോഷം വരെ, ഞങ്ങള്‍ പത്തിരുപതുപേര്‍ അമ്പലത്തിന്റെ തിടപ്പിള്ളിക്കു മുകളിലുള്ള ഹാളില്‍ പടിഞ്ഞിരുന്നെണ്ണി. എങ്കിലുമൊട്ടും അലോസരം തോന്നിയിരുന്നില്ല. ഇനിയൊരാറുമാസം കഴിയണമല്ലോ തനിമലയാളിയായി ഇങ്ങനെ കഴിയാനെന്ന ദുഃഖം മാത്രം.
നമ്മുടെ കേരളത്തില്‍ മാനുഷരെല്ലാരും മാറിക്കൊണ്ടിരിക്കുന്നു എന്ന് ഈയിടെയെനിക്ക് ബോധോദയമുണ്ടായി. കുടുംബത്തോടൊപ്പം തൃശൂരെ ശോഭാസിറ്റിമാളില്‍ പോകേണ്ടിവന്നപ്പോഴാണ് എനിക്കു തിരിച്ചറിവുണ്ടായത്. അന്യഗ്രഹജീവിയെ കാണുന്നപോലെ പലരുമെന്നെ കൗതുകത്തോടെ നോക്കുന്നു.
രണ്ടുകാലിലും രണ്ടുതരം ചെരിപ്പിട്ടാണോ ദൈവമേ ഞാന്‍ വന്നിരിക്കുന്നത്! അങ്ങനെയല്ലല്ലോ. പിന്നെന്തുപറ്റി? എന്തിനാണാളുകളെന്നെ ഇങ്ങനെ തുറിച്ചുനോക്കുന്നത്?
അപ്പോഴൊരു പരമാര്‍ത്ഥം ഞാന്‍ മനസ്സിലാക്കി. പുരുഷന്മാരായ പുരുഷന്മാരൊക്കെ പാന്റുധാരികളാണ്. ഞാന്‍ മാത്രം മുണ്ടില്‍. പതുക്കെപ്പതുക്കെ മലയാളികളുടെ മനസ്സില്‍നിന്ന് മുണ്ട് പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണെന്ന സത്യം ഞാന്‍ മനസ്സിലാക്കാന്‍ വൈകിപ്പോയതാണ്. ആരെങ്കിലും മുണ്ടുടുത്തവരായിട്ടുണ്ടോ എന്ന് ഞാന്‍ ആഗ്രഹപൂര്‍വം പരതി. മുണ്ടുടുത്ത ഒന്നുരണ്ടു വയസ്സന്മാരെക്കണ്ടു. അത്രയും ആശ്വാസം.
പിന്നീടു ഞങ്ങള്‍ പുഴയ്ക്കല്‍പാടത്തെ പുതിയ നെസ്റ്റോ-ഹൈപ്പര്‍മാര്‍ക്കറ്റില്‍ കയറി. അവിടേയും പാന്റുധാരികള്‍ മാത്രം. സ്ത്രീകളുടെ കാര്യം പറയാനുമില്ല. അവരെന്നേ ചുരിദാര്‍-ടോപ്പിലേക്കു കളംമാറ്റിച്ചവിട്ടിയിരിക്കുന്നു.
നെസ്റ്റോവില്‍നിന്നിറങ്ങി, സുഡിയോവിന്റെ റെഡിമെയ്ഡ് ഗാര്‍മെന്റ്സ് ഷോപ്പിലേക്ക്. മുണ്ടുടുത്തുവന്ന ഒരാളെപ്പോലും അവിടെയും കാണാന്‍ കഴിഞ്ഞില്ല.
ഒരുകാര്യമെനിക്കു മനസ്സിലായി. ഞാനൊരു റിപ്വാന്‍വിങ്കിളാണ്. എത്രയോ വര്‍ഷങ്ങള്‍ ഞാന്‍ ഉറങ്ങിക്കിടന്നിരിക്കണം. കാലവും കോലവും മാറിപ്പോയത് ഞാന്‍ അറിയാതെ പോയിരിക്കുന്നു.
ഒന്നുഞാനുറപ്പിച്ചു. മുണ്ട് നിയമംവഴി സര്‍ക്കാര്‍ നിരോധിക്കുന്നതുവരെ ഞാന്‍ മുണ്ടു മാത്രമേ ഉടുക്കൂ. അല്ലെങ്കില്‍, ജനം എന്നെ കല്ലെറിഞ്ഞു കൊല്ലുന്നതുവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: