തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അജൈവമാലിന്യനീക്കം നിലച്ചു. ജനജീവിതം ദുരിതത്തില്‍. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പലയിടത്തും ചാക്കുകളില്‍ കെട്ടി വച്ചിരിക്കുന്നു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നുവെന്ന് പരാതി.
തെരുവോരങ്ങളില്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ ആഹാരാവശിഷ്ടങ്ങളെന്നു കരുതി തെരുവുനായ്‌ക്കള്‍ കടിച്ചുകീറുന്നതും റോഡിലാകെ വ്യാപിച്ച് കിടക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളും സമീപവാസികളും പരാതി ഉന്നയിക്കുമ്പോള്‍ മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ അവിടെനിന്നും മാറ്റി മറ്റൊരിടത്തുകൊണ്ടുവയ്‌ക്കുന്നു.
ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വീട്ടില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ നഗരസഭ ഈടാക്കുന്നുണ്ട്. പണം വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പൊതുനിരത്തു വക്കില്‍ നിക്ഷേപിക്കുന്നത്. പ്ലളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത കമ്പനിക്ക് നല്‍കാനുള്ള പണം നല്‍കാത്തതിനാലാണ് അവ നീക്കം ചെയ്യാത്തത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ വാര്‍ഡുകളിലെ പല സ്ഥലങ്ങളിലായി സംഭരിച്ച ശേഷം അവിടെ നിന്നും കരാറുകാരാണ് നീക്കം ചെയ്യുന്നത്.
എന്നാല്‍ കരാറുകാര്‍ക്ക് പണം നല്‍കുന്നതിലെ കാലതാമസത്താല്‍ മാലിന്യ നീക്കത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നു. കരാറില്‍ അഴിമതി ഉണ്ടെന്ന് നഗരസഭാ കൗണ്‍സിലില്‍ ബിജെപി ആരോപിച്ചിരുന്നു. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ തുക ലഭിക്കുന്ന വാര്‍ഡുകളില്‍പ്പോലും ഏജന്‍സി നിശ്ചയിക്കുന്ന തുകയ്‌ക്കാണ് കരാറുപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നഗരസഭയ്‌ക്ക് ലഭിക്കേണ്ട പണം കരാറുകാര്‍ക്കും ഭരണപക്ഷ നേതാക്കള്‍ക്കും ലഭിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നു.
മാലിന്യനീക്കത്തിന് കരാറുകാരെ നിശ്ചയിച്ചതില്‍ അഴിമതിയുണ്ടെന്നും കുടുതല്‍ തുക ക്വാട്ട് ചെയ്ത ഏജന്‍സികളെ തഴഞ്ഞ് ഭരണപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ബന്ധുവിന് കരാര്‍ നല്‍കിയതിനെതിരെ കരാറില്‍ പങ്കെടുത്തവര്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. കോടതി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാമെന്ന് കൗണ്‍സില്‍ തിരുമാനമെടുത്തു.
കോടതിയുടെ സ്റ്റേയും കൗണ്‍സിലിന്റെ തീരുമാനവും നിലനില്‍ക്കെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം കരാറില്‍ പങ്കെടുത്ത എല്ലാ കമ്പനികള്‍ക്കും പന്നി ഫാമുകള്‍ക്കും ഒരു കരാര്‍ ഒപ്പിടുവിച്ച് 25,000 രൂപയുടെ ബോണ്ട് വയ്‌പ്പിച്ച് മാലിന്യ നീക്കത്തിനുള്ള അനുമതി നല്‍കി. വാര്‍ഡുകളും നിശ്ചയിച്ച് നല്‍കി. നിലവില്‍ മാലിന്യം ശേഖരിക്കുന്നവരും പുതിയ ഏജന്‍സികളും മാലിന്യ ശേഖരണത്തിന് ഇറങ്ങിയതോടെ പലയിടത്തും തര്‍ക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: