യുപിഐ മുഖേന പണം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കാനൊരുങ്ങി ആർബിഐ. എടിഎമ്മിൽ പോകാതെയും കയ്യിൽ പണമായി കരുതാതെയും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാമെന്നതാണ് യുപിഐ ഇത്രയും ജനപ്രിയമാകുന്നതിന് പിന്നിലെ കാരണം. ഇപ്പോഴിതാ യുപിഐ മുഖേന ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.
യുപിഐ ആപ്ലിക്കേഷനുകൾ മുഖേന പ്രീപെയ്ഡ് പെയ്‌മെന്റ് ഉപകരണങ്ങൾ അഥവാ പിപിഐയുമായി ബന്ധിപ്പിക്കാൻ തീരുമാനമായി. സിഡിഎം മുഖേനയുള്ള പണം നിക്ഷേപിക്കൽ, ബാങ്കിന്റെ ശാഖകളിലെത്തി പണം കൈകാര്യം ചെയ്യുന്നതിലെ പ്രയാസം എന്നിവ കുറയക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
നിലവിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമാണ് പണം നിക്ഷേപിക്കാനാകുന്നത്.ഇതിനാലാണ് യുപിഐ ഇടപാടുകൾ മൂലമുള്ള നേട്ടങ്ങൾ കണക്കിലെടുത്ത് പണം നിക്ഷേപിക്കുന്നതിനുള്ള സൗകര്യം കൂടി സജ്ജമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തന നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ആർബിഐ അറിയിച്ചു.
ഉപയോക്താക്കളുടെ സൗകര്യാനുസരണം യുപിഐ ആപ്ലിക്കേഷനുകൾ മുഖേന പിപിഐകൾ ലിങ്ക് ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.നിലവിൽ ബാങ്കിന്റെ യുപിഐ ആപ്പ് മുഖേനയോ അല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ ആപ്ലിക്കേഷനുകളിലൂടെയോ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത് ഇടപാടുകൾ നടത്താവുന്നതാണ്. എന്നാൽ പിപിഐകൾക്ക് ഇതേ സൗകര്യമില്ല.പിപിഐ ഇഷ്യൂവർ നൽകുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് മാത്രമാകും യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: