ഷഹരണ്‍പൂര്‍: കോണ്‍ഗ്രസ് പ്രകടനപത്രികയിലുടനീളം മുസ്ലിം ലീഗിന്റെ മുദ്രകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടനപത്രികക്ക് ഭാരതത്തിന്റെ അഭിലാഷങ്ങളുമായി ഒരു ബന്ധവും ഇല്ല. യുപിയിലെ ഷഹരണ്‍പൂരില്‍ തെര. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഭാരതത്തിന്റെ അഭിലാഷങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നുമെല്ലാം കോണ്‍ഗ്രസ് പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗിലുണ്ടായിരുന്ന ആശയങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ കാണുന്നത്. പത്രികയുടെ ബാക്കിയുള്ള ഭാഗത്ത് ഇടതു പക്ഷത്തിന്റെ ആശയങ്ങളും.
പത്രികയില്‍ കോണ്‍ഗ്രസിനേ കാണാനേ ഇല്ല. രാജ്യവികസനത്തിനുള്ള മൂര്‍ത്തമായ ഒരു പദ്ധതി പോലും അതിലില്ല.കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യമൊക്കെ പൊയ്‌പ്പോയി. ഇന്ന് ആ പാര്‍ട്ടിക്കു പോലും പ്രസക്തിയില്ലാതായി. രാജ്യതാത്പര്യമുള്ള നയങ്ങളില്ല, രാജ്യപുരോഗതിക്കുള്ള കാഴ്ചപ്പാടില്ല. മോദി പറഞ്ഞു.
പൗരത്വ നിയമഭേദഗതിയെപ്പറ്റി ഒരക്ഷരം പറയാത്ത പത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനും ഭക്ഷണം കഴിക്കാനും അനുമതി നല്കുമെന്നും വ്യക്തിനിയമം (ശരിയത്ത്) പാലിക്കാന്‍ അനുവാദം നല്കുമെന്നുമൊക്കെയാണ് ഉള്ളത്. പൊതു സിവില്‍ കോഡും അതില്‍ പരാമര്‍ശിക്കുന്നില്ല. ഇതാണ് മോദിയുടെ വിമര്‍ശനത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.
കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തേയും മോദി വിമര്‍ശിച്ചു. പയ്യന്മാരുടെ (രാഹുലിന്റയും അഖിലേഷിന്റെയും) പൊൡഞ്ഞുപോയ സിനിമ വീണ്ടും ഇപ്പോള്‍ റിലീസ് ചെയ്യുകയാണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ എന്ന് പറയുന്ന സ്ഥലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവര്‍ നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിച്ചില്ല.
വിജയിക്കാന്‍ അല്ലാതെ ബിജെപിയുടേയും എന്‍ഡിഎയുടേയും സീറ്റുകള്‍ കുറയ്‌ക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷം മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഞാന്‍ ആദ്യമായി കാണുകയാണ്. സ്ഥാനാര്‍ത്ഥികളെ അടിക്കടി മാറ്റേണ്ട അവസ്ഥയിലാണ് സമാജ്‌വാദി പാര്‍ട്ടി.
കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയുന്നില്ല. പത്തുകൊല്ലം കൊണ്ട് ബിജെപി ജനവിശ്വാസം ആര്‍ജിച്ചു. ജനഹൃദയം കീഴടക്കി. രാഷ്‌ട്രീയമല്ല ദേശീയ നയമാണ് ബിജെപി നടപ്പാക്കിയത്. അതാണ് ഇതിനു കാരണം. വിവേചനമില്ലാത്ത ഭരണമാണ് ബിജെപിയുടേത്.
370-ാം വകുപ്പ് നീക്കുക എന്നത് ഞങ്ങളുടെ ദൗത്യമായിരുന്നു. കശ്മീരിലെ കല്ലേറുകാര്‍ എറിഞ്ഞ കല്ലുകള്‍ പെറുക്കിയെടുത്ത് ഞങ്ങള്‍ വികസിത ജമ്മുകശ്മീര്‍ പണിയാനാരംഭിച്ചു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: