ന്യൂദല്‍ഹി: വീണ്ടും അഭിമാന നേട്ടം സ്വന്തമാക്കി ഭാരതം. മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കയില്‍ ഭാരതത്തിന്റെ മൂന്നാമത്തെ തപാല്‍ ഓഫീസ് തുറന്നു. അന്റാര്‍ട്ടിക്കയിലെ ഭാരതി സ്റ്റേഷനില്‍ പുതിയ തപാല്‍ ഓഫീസ് വെബ് ലിങ്ക് വഴി മഹാരാഷ്ട്ര സര്‍ക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കെ.കെ. ശര്‍മ്മയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
1984ലാണ് അന്റാര്‍ട്ടിക്കയില്‍ ഭാരതം ആദ്യമായി തപാല്‍ ഓഫീസ് ആരംഭിച്ചത്. ദക്ഷിണ ഗംഗോത്രി സ്റ്റേഷനില്‍. പിന്നീട് 90ല്‍ മൈത്രി സ്റ്റേഷനിലും. ഇപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ മൂന്നാമത്തെ ഓഫീസാണ് ഭാരതം തുറന്നത്, ഉദ്ഘാടന ചടങ്ങില്‍ കെ.കെ. ശര്‍മ പറഞ്ഞു. മേഖലയില്‍ സുപ്രധാന നേട്ടം കൈവരിക്കാനായി പരിശ്രമിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.
ഈ തുടക്കം ഒരു നാഴികക്കല്ലായി മാറും. പ്രദേശത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സൗകര്യങ്ങളുണ്ട്. പലപ്പോഴായി 50-100 ശാസ്ത്രജ്ഞര്‍ ഇവിടെ ജോലി ചെയ്യുന്നു. കുറഞ്ഞ വേഗതയിലാണെങ്കിലും അവര്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുന്നുവെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
കത്തെഴുത്ത് നിലച്ച കാലഘട്ടത്തില്‍ അന്റാര്‍ട്ടിക്ക എന്ന് പതിച്ച കത്തുകള്‍ ലഭിക്കുന്നത് ഒരു ഓര്‍മ്മയാണ്. മുന്‍പ് അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള കത്തുകള്‍ വര്‍ഷത്തിലൊരിക്കല്‍ ശേഖരിച്ച് ഗോവയിലെ പോസ്റ്റ് ഓഫീസ് ആസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. തുടര്‍ന്ന് ശാസ്ത്രജ്ഞരുടെ വീടുകളിലേക്കും. എന്നാല്‍ ഇന്ന് ആധുനിക സംവിധാനങ്ങള്‍ അന്റാര്‍ട്ടികയില്‍ എത്തിക്കാന്‍ സാധിക്കുന്നുവെന്നത് അഭിമാന നേട്ടം തന്നെയാണെന്ന് അന്റാര്‍ട്ടിക് ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ശൈലന്ദ്രേ സൈനി പറഞ്ഞു. ഭാരതി സ്റ്റേഷനിലെ പോസ്റ്റ് കാര്‍ഡും ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: