കോട്ടയം: ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയര്മാന് എന്നീ സ്ഥാനങ്ങളില്‍ നിന്ന് സജി മഞ്ഞകടമ്പില്‍ രാജിവെച്ചു. മോന്‍സ് ജോസഫിന്റെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് തൊട്ടരികെ നില്‍ക്കെ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പിന്നില്‍ നിന്നുള്ള കനത്തപ്രഹരമായി രാജി.
എന്നാല്‍ ഏറെക്കാലമായി മഞ്ഞക്കടമ്പന് ഓങ്ങി നില്‍ക്കുകയായിരുന്നു എന്നാണറിയുന്നത്. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം മോന്‍സ് ജോസഫ് അടക്കം നിരാകരിച്ചതുമുതല് പാര്‍ട്ടി വിടാനുള്ള തെയ്യാറെടുപ്പ് തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കാന്‍ കാത്തിരിക്കുകയായിരുന്നു. എങ്കില്‍ മാത്രമേ പ്രഹരം മാരകമാകൂ എന്ന കണക്കുകൂട്ടലിലായിരുന്നു.
കോട്ടയത്തെ സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് എതിരായി അതേ പേരുകാരായ അപരന്മാര് നല്കിയ പത്രികകള്‍ തള്ളിപ്പോയതിന്റെ ആശ്വാസത്തില്‍ നില്‍ക്കെ, ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായി യുഡിഎഫിന് മഞ്ഞക്കടമ്പന്റെ രാജി.
കേരള കോണ്‍ഗ്രസ് ഒന്നായിരിക്കെ, കെഎം മാണിയുടെ വിശ്വസ്തനായിരുന്ന മഞ്ഞക്കടമ്പന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്തു പസിഡണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നതോടെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റും യു.ഡി. എഫ് ജില്ലാ ചെയര്‍മാനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: