തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജസ്റ്റിസ് മണികുമാർ രാജ്ഭവനെ അറിയിച്ചു. നിയമനത്തിന് ഗവർണർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ജസ്റ്റിസ് മണികുമാർ നിലപാട് വ്യക്തമാക്കിയത്. അച്ഛന്റെ മരണത്തെ തുടർന്ന് തമിഴ്‌നാട്ടിൽ തന്നെ തുടരേണ്ട സാഹചര്യമുണ്ടെന്നാണ് ജസ്റ്റിസ് മണികുമാർ ഗവർണർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തിൽ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ വിയോജന കുറിപ്പോടെയാണ് ശുപാർശ ഗവർണർക്ക് കൈമാറിയിരുന്നത്. ഇതിനെതുടർന്ന് നിയമനം ഗവർണർ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് മനുഷ്യാവകാശ കമ്മിഷനെ തെരഞ്ഞെടുക്കാനുള്ള സമിതി യോഗത്തിൽ സർക്കാർ കൊണ്ടുവന്നതെന്ന് രേഖപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഒരു പേര് മാത്രം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നും പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ ജസ്റ്റിസ് മണികുമാറിന് കഴിയുമോയെന്നും വി. ഡി സതീശൻ ആശങ്ക ശേഖപ്പെടുത്തിയിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത് സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ്. മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത് ഏപ്രിൽ 24നാണ്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്.
ജസ്റ്റിസ് മണികുമാർ വിരമിച്ചപ്പോൾ മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: