കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ അവസാനിച്ചു. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇഡിക്ക് പുറമെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പും. ആദായനികുതി വകുപ്പ് ഫോണ്‍ പിടിച്ചെടുത്തു.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് തേടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ സിപിഐഎമ്മിന് ബാങ്കില്‍ അനധികൃത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇഡിയുടെ കത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തൃശ്ശൂര്‍ എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സി.പി.എം. അക്കൗണ്ടില്‍നിന്ന് എം.എം. വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതടക്കം ആറുകോടി രൂപയുടെ ആദായനികുതി അടച്ചിട്ടില്ലെന്നും ഇഡി കണ്ടെത്തി.
സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എംഎം വര്‍ഗീസില്‍ നിന്ന് തേടിയത്. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചതായി കണ്ടെത്തിയത്.
അതേസമയം പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ടുകളിലെത്തിയ കമ്മിഷന് സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണം നല്കാന് വര്‍ഗീസിനായില്ല. ഏരിയ കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റിയുടെയും അക്കൗണ്ടുകളില്‍ തട്ടിപ്പിലെ പ്രധാന പ്രതി സതീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി വായ്പയെടുത്ത പലരുടെയും അക്കൗണ്ടില്‍ നിന്നു പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് പണമെത്തി. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും കോര്പറേഷന് കൗണ്‍സിലറുമായ പി.കെ. ഷാജനെയും ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുന്‍ എംപി പി.കെ. ബിജുവിനെ വ്യാഴാഴ്ച 10 മണിക്കൂറോളം ചോദ്യം ചെയ്തു. വിട്ടയച്ച ബിജു രാത്രി വൈകി നേരേ സിപിഎം തൃശ്ശൂര്‍ ഓഫീസിലെത്തി എം.എം. വര്‍ഗീസ്, പി.കെ. ഷാജന് എന്നിവരുമായി ചര്‍ച്ച നടത്തി. പരസ്പര വിരുദ്ധ മൊഴികള്‍ നല്കാതിരിക്കാനുള്ള മുന്‍ കരുതലായിരുന്നു ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: