ന്യൂദല്‍ഹി: കോടതി അലക്ഷ്യത്തിന് കേരള പൊതുവിദ്യാഭ്യാസ വകുപ്പിനെതിരേ കടുത്ത നടപടികളിലേക്കെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് ഈ പത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയയ്‌ക്കുമെന്നാണ് കോടതി മുന്നറിയിപ്പ്.
വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനാണ് മുന്നറിയിപ്പ്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന ഹര്‍ജിയിലാണ് നടപടി. 2011ലെ പിഎസ്സി ലിസ്റ്റ് പ്രകാരം പി. അവിനാശ്, പി.ആര്‍. റാലി, ഇ.വി. ജോണ്‍സണ്‍, എം. ഷീമ എന്നിവരെ ഒരു മാസത്തിനകം നിയമിക്കാന്‍ കോടതി കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപ്പായില്ല.
ഉത്തരവ് മനഃപൂര്‍വം നടപ്പാക്കിയില്ലെന്ന ആരോപണത്തില്‍ സുപ്രീം കോടതി റാണി ജോര്‍ജിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. റാണി ജോര്‍ജ് പ്രഥമ ദൃഷ്ട്യാ കോടതി അലക്ഷ്യം കാട്ടിയെന്ന് ഇന്നലെ കോടതി നിരീക്ഷിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെന്നു മാത്രമല്ല, ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ഒഴിവുള്ള തസ്തികകളില്‍ മറ്റുള്ളവരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കോടതി അലക്ഷ്യ ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: