തിരുവനന്തപുരം: അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തിരുവനന്തപുരം കന്റോണ്‍മെന്റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. മരിച്ച മൂവരും സാത്താന്‍സേവയിലേക്ക് എത്തിയത് എങ്ങനെയെന്ന് സംഘം പരിശോധിക്കും. നവീനും ദേവിയും നേരത്തെയും അരുണാചലില്‍ പോയിട്ടുണ്ട്. മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും സാത്താന്‍സേവയും തമ്മിലുള്ള ബന്ധവും അന്വേഷിക്കും. മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നു 120 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണു ഇവര്‍ മുറിയെടുത്ത് താമസിച്ചത്.
ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പരിശോധനക്ക് അയക്കും. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മില്‍ ഇ മെയില്‍ വഴി നടത്തിയ ആശയവിനിമയം രഹസ്യഭാഷയിലൂടെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2021 മുതലുള്ള ഇവരുടെ ഇ മെയിലുകള്‍ പോലീസ് പരിശോധിക്കുന്നു. മരണത്തിന്ശേഷമുള്ള ജീവിതത്തെ കുറിച്ചും വിചിത്രവിശ്വാസങ്ങളെക്കുറിച്ചമുള്ള ചര്‍ച്ചകളുടെ ഡിജിറ്റല്‍ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. സന്ദേശങ്ങള്‍ എത്തിയത് ഡോണ്‍ ബോസ്കോ എന്ന് പേരുള്ള ഐഡിയില്‍ നിന്നാണ്. ഇത് വ്യാജ ഇ മെയില്‍ ഐഡിയാണെന്ന് പോലീസ് കണ്ടെത്തി. ആര്യ, ദേവി, നവീന്‍ എന്നിവരുടെ ഇ മെയില്‍ ചാറ്റുകളും പോലീസ് കണ്ടെത്തി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ചാറ്റിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. നാലു വര്‍ഷമായി ഇവര്‍ക്ക് പരസ്പരം പരിചയമുണ്ട്. അരുണാചലിലെ സിറോയില്‍ സാത്താന് സേവക്കാരുടെ കണ്വെന്ഷന് നടന്നിരുന്നുവെന്നും ആര്യ, ദേവി, നവീന്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തതായുമുള്ള സൂചനയുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഈസ്റ്റര്‍ ദിനത്തില്‍ ആത്മഹത്യ എന്നാണ് നിഗമനം.
അരുണാചല്‍പ്രദേശിലും ലോവര്‍ സുബാന്‍സിരി എസ്പി. കെനി ബഗ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ദുരൂഹമരണത്തെക്കുറിച്ചും ബ്ലാക്മാജിക് സംഘങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: