തിരുവനന്തപുരം: വലിയൊരു ഒരിടവേളയ്ക്കുശേഷം, ഒരു തെരഞ്ഞെടുപ്പു വേളയില്‍ തന്നെ നിര്‍മാണത്തിനിടെ ബോംബു പൊട്ടിത്തെറിച്ചതും സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതും സിപിഎമ്മിന് കുരുക്കാകും. കൊല്ലപ്പെട്ട ഷിറിലിനും പരിക്കേറ്റവര്‍ക്കും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മറ്റും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് അടക്കമുള്ളവര്‍ വാദിച്ചാലും ജനങ്ങളുടെ തിരിച്ചറിവ് തിരുത്താനാവില്ല. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പാര്‍ട്ടി നന്നെ കഷ്ടപ്പെടും.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വ്യാപകമായി കള്ളവോട്ട് ചെയ്യിക്കാനുമുള്ള വഴിവിട്ട നടപടികളുടെ ഭാഗമാണ് ബോംബു നിര്‍മാണമെന്നാണ് വ്യാപകമായ സംശയം. പണ്ടും തെരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ അക്രമം അഴിച്ചുവിട്ടിരുന്നത് ഇങ്ങനെ തന്നെയാണ്.
മരിച്ചയാള്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. നിരവധി ക്രിമിനില്‍, രാഷ്ട്രീയ കേസുകളില്‍ പ്രതിയാണ്. ഗുരുതരമായി പരിക്കേറ്റയാള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ മകനാണ്. മാത്രമല്ല പ്രതി മുന്‍ മന്ത്രി കെ.കെ. ശൈലജക്കൊപ്പം നില്ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പാനൂര്‍ സിപിഎമ്മിന്റെ നെടുങ്കോട്ടയാണ്. മറ്റേതു പാര്‍ട്ടിക്കാരനും ആശങ്കയോടെ മാത്രം കയറുന്ന മേഖല. അവിടെയാണ്, പണിതു കൊണ്ടിരുന്ന വീടിന്റെ ടെറസില്‍ സ്ഫോടനമുണ്ടായത്. അതിനാല്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാരന്റെ തലയില്‍ വെച്ചുകെട്ടാനുള്ള ശ്രമം വിജയിക്കില്ല. അതിനാലാണ് പ്രതികളെ തങ്ങള്‍ മുന്‍പ് പുറത്താക്കിയതാണെന്ന ക്യാപ്സ്യൂളുമായി നേതാക്കള്‍ ഇറങ്ങിയത്. പക്ഷെ ആ വാദവും പൊളിഞ്ഞിട്ടുണ്ട്.
മരിച്ചയാള്‍ക്കും പരിക്കേറ്റവര്‍ക്കും മുഖത്തും നെഞ്ചത്തും കൈകളിലുമാണ് പരിക്ക്. കൈപ്പത്തികള്‍ തകര്‍ന്നു. വിരലുകള്‍ 30 അടി അകലേക്ക് തെറിച്ചുവീണു. മാത്രമല്ല വീടിന്റെ ടെറസിലുമാണ്. അതിനാലാണ് ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ വച്ചുകെട്ടാന്‍ പാര്‍ട്ടി തുനിയാത്തതും. മുഖത്തും കൈയിലും മറ്റുമാണ് പരിക്കെന്നാല് ബോംബ് നിര്‍മിക്കുമ്പോഴാണ് അപകടമെന്നുറപ്പ്. അങ്ങനെയും ഒരു ക്യാപ്
സൂള്‍ സാധ്യതയാണ് അടഞ്ഞത്.
തെരഞ്ഞെടുപ്പിന് വെറും 20 ദിവസം മാത്രമിരിക്കെ സിപിഎമ്മിന്റെ അക്രമ ബോംബു രാഷ്ട്രീയം, കുറഞ്ഞ പക്ഷം വടക്കന്‍ മേഖലയിലെങ്കിലും ചര്‍ച്ചയാകുമെന്നുറപ്പ്. അഴിമതിയാരോപണങ്ങളില്‍, പ്രത്യേകിച്ച് മാസപ്പടിയും കരുവന്നൂരും, പാര്‍ട്ടി ആടിയുലയുമ്പോള്‍, അക്രമരാഷ്ട്രീയം കൂടി വീണ്ടും ചര്‍ച്ചയാകുന്നത് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കും. പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അരുംകൊല ഉയര്‍ത്തിയ വിവാദത്തിനു പിന്നാലെയാണ് ഇതും ചര്‍ച്ചയാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: