Categories: Kerala

ചാലക്കുടിയുടെ മനസ് ആര്‍ക്കൊപ്പം?

Published by

തൃശ്ശൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ പ്രവചനാതീതമായ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസിനെ ഒരു പോലെ അലട്ടുന്നത് മണ്ഡലത്തിന്റെ ഈ പ്രവചനാതീതമായ സ്വഭാവമാണ്. ആദ്യ കാലങ്ങളില്‍ മുകുന്ദപുരം മണ്ഡലമാണ് ഇപ്പോള്‍ ചാലക്കുടി ആയി മാറിയത്. പനമ്പിള്ളി ഗോവിന്ദ മേനോനെ പോലുള്ള പ്രമുഖരെ പരാജപ്പെടുത്തിയ ചരിത്രം ഈ മണ്ഡലത്തിന് അവകാശപ്പെടാനുണ്ട്.

തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ പ്രശ്‌നങ്ങളും വൈവിധ്യമേറിയതാണ്. ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, കുന്നത്തുനാട് എന്നീ നിയോജകമണ്ഡലങ്ങളാണ് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. നഗരങ്ങളും മലയോരവും തീരദേശവും എല്ലാ ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തിലെ വിഷയങ്ങളിലും ഈ വൈവിധ്യം കാണാം.

മലയോരമേഖലയില്‍ വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ കാലഘട്ടമാണിത്. തീരദേശത്ത് കടലേറ്റമടക്കം ഒട്ടനവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കാര്‍ഷികവിളകളുടെ വിലതകര്‍ച്ച ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.എ. ഉണ്ണികൃഷ്ണന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. 10 വര്‍ഷത്തിനിടെ രാജ്യം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം. ബിഡിജെഎസ് നേതാവായ ഉണ്ണികൃഷ്ണന്‍ കലാ, സാംസ്‌കാരിക, സാമുദായിക സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിന് സുപരിചിതനാണ്. ബിജെപിക്ക് വലിയ സ്വാധീനമുളള കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്. രാജ്യം മുന്നേറുമ്പോള്‍ ചാലക്കുടിക്കും മാറ്റം അനിവാര്യമാണെന്ന് ഉണ്ണികൃഷ്ണന്‍ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്നു.

യുഡിഎഫ് ഇത്തവണയും സിറ്റിങ് എംപിയായ ബെന്നി ബെഹന്നാനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന ബെന്നി ബെഹന്നാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബെന്നി ബഹനാന്റെ പ്രചാരണം. 2019ല്‍ ലഭിച്ച ഒന്നര ലക്ഷത്തോളം വോട്ടിന്റെ വന്‍ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകില്ലന്ന് യുഡിഎഫ് കരുതുന്നു. എങ്കിലും രണ്ടാം വട്ടം പാര്‍ലമെന്റിലേക്ക് പോകാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബെന്നി ബെഹന്നാന്‍.

മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെയാണ് എല്‍ഡിഎഫ് അണിനിരത്തിയിരിക്കുന്നത്. രവീന്ദ്രനാഥിന്റെ മികച്ച പ്രതിച്ഛായയിലൂടെ ചാലക്കുടി തിരിച്ചുപിടിക്കാമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു. പുതുക്കാട് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള രവീന്ദ്രനാഥ് ആദ്യ പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനും രവീന്ദ്രനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്ന് മുന്നണി വിശ്വസിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by