ബത്തേരി :മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ചീരാല്‍ സ്വദേശി കുണ്ടുവായില്‍ ബാദുഷ (25) ആണ് പിടിയിലായത്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ബത്തേരി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ബത്തേരി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചിരുന്നു.
തുടര്‍ന്നാണ് വെള്ളിയാഴ്ച വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞുവച്ച് ബത്തേരി പൊലീസിനു കൈമാറിയത്. 10,000 രൂപ വാങ്ങി കാറില്‍ എംഡിഎംഎ വച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ പുത്തന്‍പുരക്കല്‍ പി.എം. മോന്‍സിയെ (30) സംഭവം നടന്നതിനു തൊട്ടുപിന്നാലെ പൊലീസ് പിടികൂടിയിരുന്നു.
വില്പനയ്ക്കായി വെബ്സൈറ്റില്‍ പരസ്യം നല്‍കിയിരുന്ന കാര്‍ ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ വാങ്ങി മോന്‍സി ഡ്രൈവര്‍ സീറ്റിനു മുകളില്‍ എംഡിഎംഎ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. ഇതിനുശേഷം പൊലീസിനു രഹസ്യവിവരം നല്കി ദമ്പതികളെ കുടുക്കാനായിരുന്നു ശ്രമം.
മാര്‍ച്ച് 17ന് വൈകിട്ടായിരുന്നു സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നും വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യവിവരം ബത്തേരി പൊലീസിന് നല്കി. പൊലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ പരിശോധന നടത്തി അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: