അരിവന്ദ് കെജ്രിവാളിന് വേണ്ടി ജര്‍മ്മനിയും അമേരിക്കയും പരസ്യമായി പിന്തുണച്ച് സംസാരിച്ചതോടെ കെജ്രിവാളിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ കൂടുതല്‍ പുറത്തുവരികയാണ്. ഇതോടെയാണ് കെജ്രിവാള്‍ ഡീപ് സ്റ്റേറ്റിന്റെ (Deep State) പ്രതിനിധിയാണെന്ന ആരോപണം ശക്തമാകുന്നത്.
എന്താണ് ഡീപ് സ്റ്റേറ്റ്?
അവരുടെ സ്വന്തം അജണ്ടയും ലക്ഷ്യങ്ങളും പിന്തുടരുന്നതിനായി ഒരു സംസ്ഥാനത്തിന്റെ, അല്ലെങ്കില്‍ രാജ്യത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന രഹസ്യവും അനധികൃതവുമായ അധികാര ശൃംഖലകൾ ഉൾക്കൊള്ളുന്ന ഭരണസംവിധാനമാണ് ഡീപ് സ്റ്റേറ്റ്. ജനപ്രിയ ഉപയോഗത്തിൽ, ഈ പദത്തിന് അമിതമായ നിഷേധാത്മക അർത്ഥങ്ങളുണ്ട്. എന്നാല്‍ ഡീപ് സ്റ്റേറ്റ് ഒരു യാഥാര്‍ത്ഥ്യമാണ്. പല രാജ്യങ്ങളിലേയും ഭരണാധികാരികളെ അട്ടിമറിക്കാന്‍ വരെ ഡീപ് സ്റ്റേറ്റ് ശൃംഖല പണവും ആശയങ്ങളും ഇറക്കുന്നു. സമൂഹമാധ്യമക്കമ്പനികളെ വരെ ഡീപ് സ്റ്റേറ്റ് ഉപയോഗിക്കുന്നു.
ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്‍ ഈ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. ലോകമെമ്പാടുമുള്ള ജേണലിസ്റ്റുകള്‍ക്ക് പല വിധ പേരുകളില്‍ ജോര്‍ജ്ജ് സോറോസിന്റെ കമ്പനി ധനസഹായം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരില്‍ ജോര്‍ജ്ജ് സോറോസുമുണ്ട്. ഇന്ത്യയില്‍ അദാനിയെ അട്ടിമറിക്കാന്‍ വേണ്ടി അമേരിക്കയിലെ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതും പിന്നീട് ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സംസാരിച്ചതും ജോര്‍ജ്ജ് സോറോസിന്റെ സ്വാധീനത്തിന്റെ ഭാഗമാണ്.
കപില്‍ സിബല്‍ പൊട്ടിത്തെറിക്കുന്നു, അഭിഷേക് മനു സിംഘ് വി നെട്ടോട്ടമോടുന്നു
കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ രണ്ട് പ്രമുഖ അഭിഭാഷകരുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അതില്‍ അഭിഷേഖ് മനു സിംഘ് വി അരവിന്ദ് കെജ്രിവാളിനെ പുറത്തിറക്കാന്‍ പല രീതികളിലും ശ്രമിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നില്ലെന്ന് കണ്ട അദ്ദേഹം സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയും അദ്ദേഹത്തിന്റെ അപേക്ഷ മടക്കിയപ്പോള്‍ കപില്‍ സിബല്‍ സുപ്രീംകോടതിയ്‌ക്കെതിരെ ശക്തമായ ഒരു പ്രസ്താവനയിറക്കുകയുണ്ടായി. ചരിത്രം നിങ്ങളെ അപഹസിക്കും എന്ന രീതിയിലായിരുന്നു കപില്‍ സിബല്‍ സുപ്രീംകോടതിയ്‌ക്ക് നേരെ നടത്തിയ പ്രസ്താവന. കപില്‍ സിബലിന്റെ സമനില തെറ്റിച്ച എന്ത് സാഹചര്യമാണ് ഇവിടെ എന്ന് പലരും അത്ഭുതപ്പെട്ടു. ഒരു പക്ഷെ കപില്‍ സിബലിന്റെ മേല്‍ അത്രയ്‌ക്ക് വലിയ അന്താരാഷ്‌ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മാത്രമല്ല, അവസാന ശ്രമമെന്ന നിലയില്‍ സുപ്രീംകോടതിയ്‌ക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ വരെ അഭിഷേക് മനു സിംഘ് വി പരാതിപ്പെട്ടുനോക്കി. ഫലം കിട്ടിയില്ല.
യുഎസും ജര്‍മ്മനിയും കെജ്രിവാളിന് വേണ്ടി; കപില്‍ സിബലിനും അഭിഷേഖ് മനു സിംഘ് വിയ്‌ക്കും എതിരെ 600 അഭിഭാഷകര്‍
യുഎസും ജര്‍മ്മനിയും കെജ്രിവാളിന് വേണ്ടി ജനാധിപത്യവും കോടതിനീതിയും എല്ലാം ചൂണ്ടിക്കാട്ടി ബഹളം വെച്ചപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ അവര്‍ക്ക് ശക്തമായ ഭാഷയില്‍ തിരിച്ചടി കൊടുത്തു. ഹരീഷ് സാല്‍വെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പ്രസിഡന്‍റ് മനന്‍ കുമാര്‍ മിശ്രയും എസ് സിബിഎ പ്രസിഡന്‍റ് ആദിഷ് സി അഗര്‍വാലയും ഉള്‍പ്പെടെ 600 പ്രധാന അഭിഭാഷകര്‍ ഒപ്പുവെച്ച കത്ത് ഈ സമയത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയത് കപില്‍ സിബലും അഭിഷേഖ് മനുസിംഘ് വിയും ഉള്‍പ്പെടുന്ന അഭിഭാഷക ലോബിയ്‌ക്കെതിരായ പ്രതികരണം എന്ന നിലയ്‌ക്കാണ്. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുമെന്ന് ഈ അഭിഭാഷകസംഘം കരുതി.
സുപ്രീംകോടതിയെയും കോടതികളെയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥാപിത താല്‍പര്യക്കാരെ സൂക്ഷിക്കണമെന്നാണ് ഈ കത്തില്‍. കോടതി വിധികളെ സ്വാധീനിക്കാന്‍ ഈ സ്ഥാപിത താല്‍പര്യസംഘം സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ പെട്ടുപോകരുതെന്നും നീതി നടപ്പാക്കണമെന്നും ഈ അഭിഭാഷകസംഘം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് മുന്നറിയിപ്പ് നല്‍കിയത് ഈ ഉദ്ദേശ്യത്തോടെ തന്നെയാണ്. പണ്ട് കാലത്ത് ജുഡീഷ്യറി ആദര്‍ശാത്മകമായിരുന്നെന്നും ഇപ്പോള്‍ ജുഡീഷ്യറി ആകെ താളം തെറ്റിയെന്നും ഈ സ്ഥാപിത താല്‍പര്യസംഘം പ്രചരിപ്പിക്കുന്നത് അവരുടെ താല്‍പര്യങ്ങളിലേക്ക് കോടതിവിധികളെ കൊണ്ടുപോകാനാണെന്നും അഭിഭാഷകസംഘം വാദിക്കുന്നു. നീതിയുടെ കാവല്‍ക്കാരെന്ന ഭാവത്തില്‍ നടക്കുന്ന ഈ സ്ഥാപിത താല്‍പര്യസംഘം പലപ്പോഴും അഴിമതിയില്‍ കുടുങ്ങുന്ന രാഷ്‌ട്രീയക്കാരെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന അതിതീവ്രഇടപെടല്‍ നീതിപൂര്‍വ്വകമല്ല എന്ന ഇന്ത്യയിലെ സാധാരണക്കാര്‍ പോലും ഇപ്പോള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.
ഇത് സുപ്രീംകോടതി വിധികളെ ഇവിടുത്തെ അഭിഭാഷകസമൂഹം അതീവശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്ന പ്രതീതി കോടതി വിധികര്‍ത്താക്കളില്‍ ഉണ്ടാക്കാനും കൂടിയായിരുന്നു ഈ 600 അഭിഭാഷകരുടെ നീക്കം. ഏതാനും പേര്‍ക്ക് അവരുടെ തന്നിഷ്ടപ്രകാരം വിധി വാങ്ങാനുള്ള ഇടമല്ല സുപ്രീംകോടതിയും ഹൈക്കോടതികളുമെന്ന താക്കീത് കൂടിയാണ് 600 അഭിഭാഷകരുടെ ഈ കത്ത്.
എന്തായാലും ഇക്കുറി ഡീപ് സ്റ്റേറ്റ് ഇന്ത്യയില്‍ നിന്നും നല്ല ചെറുത്തുനില്‍പ് തന്നെയാണ് നേരിടേണ്ടി വരുന്നത്. ജര്‍മ്മനിയുടെയും അമേരിക്കയുടെയും വിമര്‍ശനങ്ങളെ വിദേശകാര്യമന്ത്രി ജയശങ്കര്‍ നേരിട്ടു. ‘നീതിയുടെ കാവല്‍ക്കാരെ’ന്ന ഭാവത്തില്‍ നടക്കുന്ന സ്ഥാപിതതാല്‍പര്യക്കാരായ അഭിഭാഷകരെ 600 പേരടങ്ങുന്ന അഭിഭാഷക സംഘവും നേരിട്ടു. എന്തായാലും കെജ്രിവാളിന് വേണ്ടി ഉയരുന്ന ബഹളങ്ങള്‍ക്ക് പിന്നില്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത അത്രയും ശക്തരായ ചില അജ്ഞാത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാണ്. അവര്‍ ഡീപ് സ്റ്റേറ്റാണോ? ഇത് തെളിയിക്കേണ്ടത് കാലമാണ്.
രാഹുല്‍ഗാന്ധിയില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധി അരവിന്ദ് കെജ്രിവാളായോ?
വാസ്തവത്തില്‍ ഡീപ് സ്റ്റേറ്റിന് രാഹുല്‍ ഗാന്ധിയിലും ഗാന്ധി കുടുംബത്തിലും വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് അവര്‍ വന്‍തോതില്‍ അരവിന്ദ് കെജ്രിവാളില്‍ ബെറ്റ് വെയ്‌ക്കുന്നത്. എളുപ്പത്തില്‍ പഞ്ചാബ് കൂടി കീഴടക്കി അരവിന്ദ് കെജ്രിവാള്‍ മുന്നേറുകയായിരുന്നു. അതിനായി ഏത് ചെകുത്താന്റെ പണം വാങ്ങാനും കെജ്രിവാളിന് മടിയില്ല. അത് ഖലിസ്ഥാന്‍ വാദികളായാലും അഴിമതിക്കാരായ ബിസിനസുകാരായാലും.
കോണ്‍ഗ്രസിനും കെജ്രിവാളിനോടുണ്ട് നീരസം
തങ്ങളുടെ പ്രധാന പ്രതിപക്ഷസ്ഥാനം അരവിന്ദ് കെജ്രിവാള്‍ തട്ടിയെടുക്കുകയാണോ എന്ന തോന്നല്‍ കോണ്‍ഗ്രസിനുമുണ്ട്. കാരണം കോണ്‍ഗ്രസ് ദുര്‍ബലമാകുന്നിടത്ത് അര്‍ബുദം പോലെ അതിവേഗമാണ് ആം ആദ്മി പടര്‍ന്നു പന്തലിക്കുന്നത്. പഞ്ചാബില്‍, ദല്‍ഹിയില്‍ എല്ലാം കോണ്‍ഗ്രസിന്റെ സിംഹാസനങ്ങളാണ് ആം ആദ്മി കൈക്കലാക്കുന്നത്. അതുകൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മദ്യനയത്തില്‍ കോടികളുടെ അഴിമതി കാണിച്ചു എന്നാരോപിച്ച് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കെജ്രിവാളിനെതിരെ ആദ്യമായി വിമര്‍ശനം ഉന്നയിച്ചത്. ഇഡിയും സിബിഐയും കോടികളുടെ ഈ അഴിമതി അന്വേഷിക്കണമെന്നും ആദ്യമായി ആവശ്യപ്പെട്ടത് അജയ് മാക്കനാണ്. വീട് മോടിപിടിപ്പിക്കാന്‍ കെജ്രിവാള്‍ 171 കോടി രൂപ ചെലവഴിച്ചതും അന്വേഷിക്കണമെന്ന് അജയ് മാക്കന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ആരോപണം ആഴത്തില്‍ പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: