കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 143 കോടി. രണ്ടു വര്‍ഷമായിട്ടും പണം കൊടുക്കാത്തതോടെ ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയാണ്. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളായ കാര്‍ഡിയാക്ക് സ്റ്റെന്റ്, പേസ്മേക്കര്‍, ഗൈഡ് വയര്‍, ബലൂണ്‍, കത്തീറ്റര്‍ വയര്‍, വാല്‍വ് തുടങ്ങിയവയുടെ വിതരണമാണ് നിലച്ചിരിക്കുന്നത്.
ഏറ്റവും കുടിശികയുള്ളത് തിരുവനന്തപുരം മെഡി. കോളജിലാണ്; 49 കോടി. കോഴിക്കോട് മെഡി. കോളജ് – 23 കോടി, കോട്ടയം മെഡി. കോളജ് – 17 കോടി, പരിയാരം മെഡി. കോളജ് – 10 കോടി, ഗവണ്മെന്റ് ആശുപത്രി എറണാകുളം – 10 കോടി, ആലപ്പുഴ മെഡി. കോളജ് – 7 കോടി തുടങ്ങി 19 ഓളം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 143,08,57,254 രൂപയാണ് കുടിശിക.
മാര്‍ച്ച് 31നു മുന്‍പ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസം. 31ന് തന്നെ ചേമ്പര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ഭാരവാഹികള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള ഫണ്ട് നല്‍കാത്തതാണ് നിലവിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധിക്ക് കാരണം. ആരോഗ്യ ഇന്‍ഷുറന്‍സ് ചികിത്സാ സഹായ പദ്ധതികളുടെ ഫണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: