മാഞ്ചസ്റ്റര്‍: ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധുര പ്രതികാരം. മാസങ്ങള്‍ക്ക് മുമ്പ് സ്വന്തം മൈതാനത്ത് തിണ്ണമിടുക്കിന്റെ ബലത്തില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരെ നിരന്തരം ഞെട്ടിച്ചുകൊണ്ടിരുന്ന ആസ്റ്റണ്‍ വില്ലയെ സ്വന്തം മൈതാനത്ത് കിട്ടുന്നവര്‍ കരുണയില്ലാതെ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെ കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത് 4-1നാണ്. ലീഗില്‍ മറ്റൊരു കളിയില്‍ ലൂട്ടണ്‍ ടൗണിനെ തോല്‍പ്പിച്ച ആഴ്‌സണല്‍ പട്ടികയില്‍ ലിവര്‍പൂളിനെ മറികടന്ന് മുന്നിലെത്തി.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ സിറ്റിക്കായ് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ 11-ാം മിനിറ്റില്‍ റോഡ്രി ഗോള്‍ നേട്ടത്തിന് തുടക്കമിട്ടു. കളിക്ക് 20 മിനിറ്റായപ്പോള്‍ സിറ്റി ആരാധകരെ നിശബ്ദരാക്കി ആസ്റ്റണ്‍ ഒരുഗോള്‍ തിരിച്ചടിച്ചു.
അത്യുജ്ജലമായൊരു മുന്നേറ്റത്തിനൊടുവില്‍ ജോണ്‍ ഡുറാന്‍ ആണ് ഗോള്‍ നേടിയത്. ഇതുകൊണ്ട് സിറ്റി തളര്‍ന്നില്ല. അദ്ധ്വാനിച്ച് കളിച്ച അവര്‍ ആദ്യ പകുതി തീരും മുമ്പേ മുന്നിലെത്തി. കളിയില്‍ ഫില്‍ഫോഡന്റെ വക ആദ്യ ഗോള്‍. 45+1ാം മിനിറ്റില്‍ നേടിയ ഈ ഗോളില്‍ സിറ്റി 2-1ന് മുന്നിലെത്തി. കളി രണ്ടാം പകുതിയിലേക്ക് പിരിഞ്ഞു. 62, 69 മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ഫോഡന്‍ ഹാട്രിക്കോടെ സിറ്റിയുടെ കണക്ക് പൂര്‍ത്തിയാക്കി. ജയത്തിന്റെ ബലത്തില്‍ ലീഗില്‍ സിറ്റിയുടെ പോയിന്റ് നേട്ടം 67 ആയി ഉയര്‍ന്നു. ഇത്രയും തന്നെ പോയിന്റുള്ള ലിവര്‍പൂളിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ സിറ്റി.
സ്വന്തം മൈതാനമായ എമിറേറ്റ്‌സില്‍ ആഴ്‌സണലും വിലപ്പെട്ട ജയം സ്വന്തമാക്കിയാണ് മുന്നിലെത്തിയത്. ലൂട്ടന്‍ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി പോയിന്റ് നേട്ടം 68ലെത്തിച്ച് ഒന്നാമതെത്തി. ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണല്‍ രണ്ട് ഗോളുകളും നേടി. 24-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയപ്പോള്‍ രണ്ടാം ഗോള്‍ 44-ാം മിനിറ്റില്‍ ദാനഗോളായി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക