തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ ഉള്‍പ്പെടുന്ന പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. പരാതിക്കാരില്‍ നിന്ന് മോന്സന് തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിട്ടുളളത്.
മുന്‍ ഡിഐജി എസ് സുരേന്ദ്രന്, ഐജി ലക്ഷ്മണ എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്, ഐജി ലക്ഷ്മണ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പ്പി സന്തോഷ് എന്നവരാണ് അധിക പ്രതികള്‍.
പരാതിക്കാരില്‍ നിന്ന് 10 കോടിരൂപയാണ് മോന്സന് മാവുങ്കല്‍ തട്ടിയെടുത്തത്. എന്നാല്‍ അഞ്ച് കോടി 45 ലക്ഷം രൂപ മോന്സന് ചെലവാക്കിയതിന് തെളിവുണ്ടെന്നും മറ്റ് തുക എവിടെ എന്ന് അറിയാന്‍ അന്വേഷണം തുടരാമെന്നും പറയുന്നു. ആലപ്പുഴയിലെ ഒരു പള്ളിക്കമ്മിറ്റിയ്ക്ക് ഒരു കോടിയോളം രൂപ മോന്സന് നല്‍കിയെന്നും ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കി നേരത്തെ ആദ്യഘട്ട കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. അതേസമയം മോന്സന് എതിരായ ബലാത്സംഗം കേസില്‍ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: