ആലപ്പുഴ: ഇടതുവലതു മുന്നണികള്‍ മത്സരിക്കുന്നത് നിരോധിത മതഭീകരവാദികളുടെ ചുമലിലിരുന്നാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് കുറ്റപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അഡ്വ. രണ്‍ജീത് ശ്രീനിവാസന് അടക്കമുള്ള ധീരബലിദാനികളുടെ സ്മരണകള്‍ നിറഞ്ഞ അന്തരീക്ഷത്തിലാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്‍കിയത് രണ്‍ജീതിന്റെ ഭാര്യ ലിഷയാണ്. ഒരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനുള്ള പ്രേരണ സ്രോതസാണ് ബലിദാനികളുടെ സ്മരണ.
ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനില്ല. മറിച്ച് അവരുടെ വോട്ട് സ്വീകരിക്കുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് അടക്കം ഭീകരവാദികളെ ആലപ്പുഴയില്‍ ഇറക്കിയിരിക്കുകയാണ്. പോസ്റ്ററില്‍ നിന്നും ഫ്ലക്സ് ബോര്‍ഡില്‍ നിന്നും തന്റെ ചിത്രം കഴുത്തിന് മുകളില്‍ നിന്ന് അറുത്തുമാറ്റി ആരീഫിന്റെ പടം ഒട്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നല്‍കിയിട്ടും നടപടിയില്ല. നടപടി എടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും. ഇത്തരത്തില്‍ വികൃതമാക്കിയ പോസ്റ്ററുകളും, ഫ്ലക്സുകളും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്ത് കുറ്റക്കാരെ സംരക്ഷിക്കുകയാണ്.
ഇതൊന്നും കൊണ്ട് ഭയപ്പെടുമെന്ന് ഭീകരവാദികളും, ആരീഫും കുട്ടരും കരുതേണ്ട. താന്‍ ഒന്‍പതാമത്തെ തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. ഇത് മൂന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പാണ്. ആലപ്പുഴയുടെ വികസനത്തിന് ആരെ തെരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ വിധി എഴുതും. ജനഹിതം അനുസരിച്ചായിരിക്കും എന്‍ഡിഎ പ്രവര്‍ത്തിക്കുക. ഭീകരവാദികളെ കൂട്ടുപിടിച്ചുള്ള ഇടതുവലതു മുന്നണികളുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായും, നിയമാനുസൃതമാര്ഗങ്ങളിലൂടെയും നേരിടുമെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: