തിരുവനന്തപുരം: വിവാഹം നിശ്ചയിച്ചിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അധ്യാപിക ആര്യയെ അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത മാസം ഏഴിന് തിരുവനന്തപുരം നഗരത്തില്‍ ശ്രീപത്നാഭ സ്വാമിക്ഷേത്രത്തിന് സമീപമുളള വൈകുണ്ഠം കല്യാണ മണ്ഡപത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
വിവാഹത്തിന് ആള്‍ക്കാരെ ക്ഷണിക്കാനും തുടങ്ങിയിരുന്നു മാതാപിതാക്കളായ അനില്‍കുമാറും മഞ്ജുവും. ഇവരുടെ ഏക മകളായ
ആര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു .ആര്യയുടെ പിതാവ് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി അനില്‍കുമാര്‍ ലാറ്റക്സിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. വീട്ടിലും കുട്ടികളെ പഠിപ്പിച്ചിരുന്നു.ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ആര്യയുടേതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ 27നാണ് തിരുവനന്തപുരത്ത് നിന്ന് ആര്യയെ കാണാതായത്. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ആര്യയെ കാണാതായതോടെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ നല്കി. പൊലീസ് അന്വേഷണത്തില്‍ ആര്യ ,നവീന്‍- ദേവി ദമ്പതികള്‍ക്കൊപ്പം ഉണ്ടെന്ന് കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൊല്‍ക്കത്ത വഴി ഗുവാഹട്ടിയിലേക്ക് ഇവര്‍ പോയതായി കണ്ടെത്തിയിരുന്നു.
വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടില്‍ നിന്നിറങ്ങിയത്.
ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളില്‍ ദേവിയും ജോലി ചെയ്തപ്പോഴുണ്ടായ പരിചയമാണ് ഇരുവരെയും അടുത്ത സുഹൃത്തുക്കളാക്കിയത്. ദേവി പിന്നീട് അധ്യാപനം ഉപേക്ഷിച്ചെങ്കിലും ഫോണില്‍ ആര്യയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരാണെങ്കിലും ജോലി ഉപേക്ഷിച്ചിരുന്നു.കേസില്‍ ദുര്‍മന്ത്രവാദ സാധ്യതയെ കുറിച്ച് അന്വേഷണം തുടരുകയാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: